ഫ്‌ളോയ്ഡിന്റെ സംസ്‌കാര ചെലവ് ഏറ്റെടുത്ത്  മെയ്‌വെദർ ;  കായികലോകത്തിന്റെ അനുശോചനം


JUNE 3, 2020, 7:08 AM IST

വാഷിങ്ടണ്‍: യുഎസിലെ മിനസോട്ടയില്‍ പൊലീസ് അതി നിഷ്ഠുരമായി കൊലപ്പെടുത്തിയ ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയ്ഡിന് ആദരാഞ്ജലികളോടെ കായിക ലോകം.

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മൃതസംസ്‌കാര ചടങ്ങുകളുടെ പൂര്‍ണചെലവ് ഏറ്റെടുക്കാന്‍ സന്നദ്ധതയറിയിച്ച് പ്രഫഷനല്‍ ബോക്‌സിങ് താരം ഫ്‌ലോയ്ഡ് മെയ്‌വെദർ  മുന്നോട്ടുവന്നു.

ഇക്കാര്യം മെയ്‌വെദർ   ഫ്‌ളോയിഡിന്റെ കുടുംബത്തെ അറിയിച്ചതായി മെയ്വെതറിന്റെ പ്രമോഷനല്‍ കമ്പനിയായ മെയ്‌വെദർ  പ്രമോഷന്‍സ് ട്വിറ്ററില്‍ അറിയിച്ചു.

ജോര്‍ജിന്റെ കുടുംബം ഇത് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ജോര്‍ജ് ഫ്‌ളോയ്ഡിന്റെ നിഷ്ഠൂര കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ദാന്‍,  ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സ് തുടങ്ങിയവര്‍ രംഗത്തെത്തി. ഫുട്‌ബോള്‍ താരങ്ങളായ പോള്‍ പോഗ്ബ, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് തുടങ്ങിയവരും കടുത്ത ഭാഷയിലാണ് ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തോട് പ്രതികരിച്ചത്.

ഇംഗ്ലിഷ് ക്ലബ് ലിവര്‍പൂളിന്റെ താരങ്ങള്‍ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിന്റെ നടുവില്‍ വൃത്തത്തില്‍ മുട്ടുകുത്തിനിന്ന് ഫ്‌ളോയ്ഡിന് ആദരമര്‍പ്പിച്ചു. ജര്‍മന്‍ ബുന്ദസ്‌ലിഗയില്‍ കഴിഞ്ഞ ദിവസം ഹാട്രിക് നേടിയ ബൊറൂസിയ ഡോര്‍ട്മുണ്ട് താരം ജെയ്ഡന്‍ സാഞ്ചോ ഗോള്‍നേട്ടം ഫ്‌ലോയ്ഡിന് സമര്‍പ്പിച്ചിരുന്നു.

'ജോര്‍ജ് ഫ്‌ളോയ്ഡിന് നീതി ലഭിക്കണം' എന്നെഴുതിയ അകം കുപ്പായം പ്രദര്‍ശിപ്പിച്ചായിരുന്നു സാഞ്ചോയുടെ ഗോളാഘോഷം.ഫ്‌ലോയ്ഡിന്റെ മരണത്തിനു പിന്നാലെ കറുത്ത വര്‍ഗക്കാരായ ക്രിക്കറ്റ് താരങ്ങള്‍ നേരിടുന്ന ദുരിതത്തെക്കുറിച്ച് തുറന്നടിച്ച് വെസ്റ്റിന്‍ഡീസ് താരങ്ങളായ ക്രിസ് ഗെയ്ല്‍, ഡാരെന്‍ സമി തുടങ്ങിയവരും രംഗത്തെത്തി.

കറുത്ത വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചതായി പോഗ്ബയും റാഷ്‌ഫോര്‍ഡും ചൂണ്ടിക്കാട്ടി. 'മിനിയപ്പലിസില്‍ സംഭവിച്ച കാര്യങ്ങളില്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ ആലോചിച്ചു. എനിക്ക് ദേഷ്യവും സങ്കടവും വേദനയും ലജ്ജയും വെറുപ്പും ക്രോധവും തോന്നി. ജോര്‍ജ് ഫ്‌ളോയ്ഡിനെയും അനുദിനം പരിഹാസം നേരിടുന്ന കരുത്ത വര്‍ഗക്കാരെയും ഓര്‍ത്ത് സങ്കടം.

ഫുട്‌ബോളിലും ജോലി സ്ഥലത്തും സ്‌കൂളിലുമെല്ലാം പരിഹാസമൊളിച്ചിരിക്കുന്നു. ഇത് അവസാനിക്കണം, എന്നെന്നേക്കുമായി. നാളെയോ അതിനടുത്ത ദിവസമോ അല്ല. ഇന്നു തന്നെ ഇത് തീരണം. വംശീയമായ ആക്രമണങ്ങള്‍ ഇനിയും സഹിക്കാനാകില്ല. ഞാനും നമ്മളും അതിനി പ്രോത്സാഹിപ്പിക്കില്ല'  പോഗ്ബ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Other News