ഫ്‌ളോയിഡ് കുടുംബത്തിന്റെ ഹ്യൂസ്റ്റണ്‍ റാലിയില്‍ പതിനായിരങ്ങള്‍


JUNE 3, 2020, 8:00 AM IST

അജു വാരിക്കാട്

ഹ്യൂസ്റ്റണ്‍ : പോലീസിന്റെ കാല്‍മുട്ടിലമര്‍ന്ന് ജീവന്‍ നഷ്ടമായ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കുടുംബം ഹ്യൂസ്റ്റണ്‍ സിറ്റി സെന്ററിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഏകദേശം അറുപതിനായിരം ആളുകള്‍ പങ്കെടുത്തു. ഇരുപതിനായിരം ആളുകള്‍ വരുമെന്നായിരുന്നു ആദ്യ പ്രതീക്ഷ. എന്നാല്‍ റാലി തുടങ്ങുന്ന മൂന്നുമണി സമയം ആയപ്പോള്‍ എല്ലാ പ്രവചനങ്ങളെയും  കാറ്റില്‍പറത്തി ഏകദേശം 60,000 ആളുകള്‍ സിറ്റി സെന്ററിനു മുന്‍പില്‍ ഫ്‌ളോയിഡിന് അന്ത്യോപചാരം അര്‍പ്പിക്കുന്നതിനു  തടിച്ചുകൂടി.  ഹ്യൂസ്റ്റണ്‍ റാപ്പര്‍ ബണ്‍ ബിയും  ട്രേ താ ട്രൂത്തും സംയുക്തമായാണ് കുടുംബത്തിനുവേണ്ടി ഈ റാലി സംഘടിപ്പിച്ചത്. വൈകുന്നേരം 3 മണിക്ക് ഡിസ്‌കവറി ഗ്രീനില്‍ ആരംഭിച്ച മാര്‍ച്ച് ഡൗണ്‍ടൗണിലെ തെരുവുകളിലൂടെ ഹ്യൂസ്റ്റണിലെ സിറ്റി ഹാളിലേക്ക് എത്തി.

നിരവധി ആളുകളാണ് സിറ്റി ഹാളിനു മുന്‍പില്‍ നടന്ന സമ്മേളനത്തില്‍ അനുശോചന സന്ദേശം നല്‍കിയത്.  ഹ്യൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍, ബ്ലാക്ക് ലൈഫ് മാറ്റര്‍ ആക്ടിവിസ്റ്റ് റ്റാമികാ മാല്ലോറി, റവ: വില്യം ലോസണ്‍, റാപ്പര്‍ ബണ്‍ ബി എന്നിവര്‍ സംസാരിച്ചു.

'ജോര്‍ജ് ഇങ്ങനെ മരിക്കേണ്ടവനായിരുന്നില്ല.  അദ്ദേഹത്തിന്റെ ജീവിതത്തിനു മുന്‍പില്‍ ശിരസ്സു നമിക്കുന്നു.' മേയര്‍ പറഞ്ഞു.

അനുശോചന മീറ്റിംഗിലും പ്രതിഷേധ പ്രകടനത്തിലും കടന്നുവന്ന എല്ലാവരെയും കുടുംബം നന്ദി അറിയിച്ചു. എല്ലാ പ്രകടനങ്ങളും പ്രതിഷേധങ്ങളും സമാധാനപരമായിരിക്കുവാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു.

'ജോര്‍ജിന്റെ മൃതശരീരം ഹ്യൂസ്റ്റണില്‍ ഉടനെ എത്തും ലോകം മുഴുവന്‍ നമ്മെ കാണുകയാണ്. നമ്മള്‍ സമാധാനത്തോടെ ആണ് വന്നത്. പക്ഷേ നമ്മള്‍ എന്തിനും തയ്യാറായിരിക്കുന്നു. എന്റെ ആളുകളോട് മോശമായി പെരുമാറാന്‍ ഞാന്‍ അനുവദിക്കില്ല  പ്രത്യേകിച്ചും അവര്‍ തെറ്റ് ചെയ്യാത്തപ്പോള്‍.' ട്രേ താ ട്രൂത്ത് ഓര്‍മിപ്പിച്ചു.

കുടുംബത്തോടും പ്രകടനക്കാരോടും ഒപ്പം അല്‍പ സമയം പ്രാര്‍ത്ഥനയില്‍ ചെലവിടുവാന്‍ ഹ്യൂസ്റ്റണ്‍ പോലീസ് ചീഫ് എത്തിയത് ജനങ്ങളെ വികാരഭരിതമാക്കി. ഹ്യൂസ്റ്റണില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നും ഇന്നു നടന്ന പ്രതിഷേധ പ്രകടനം ഏറ്റവും സമാധാനപരമായിരുന്നു എന്ന് പോലീസ് അറിയിച്ചു.

Other News