മാതൃഭാഷാ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഫൊക്കാന 


FEBRUARY 22, 2021, 7:11 PM IST

ഫ്‌ളോറിഡ: മലയാള ഭാഷ സംസാരിക്കുകയും ഭാഷയെ സ്‌നേഹിക്കുകയും ചെയ്യുന്ന അമേരിക്കയിലെ എല്ലാ കേരളീയര്‍ക്കും ഫൊക്കാന മലയാളം അക്കാഡമി അന്താരാഷ്ട്ര മാതൃഭാഷ ദിന ആശംസകള്‍ നേര്‍ന്നു. കേരളത്തില്‍ ജനിച്ച് കേരളത്തില്‍ വളര്‍ന്ന് ഏഴാം കടലിനക്കരെയും മാതൃഭാഷയായ മലയാളത്തെ സ്‌നേഹിക്കുകയും അതിന്റെ പ്രചാരണത്തിനു വേണ്ടി പ്രയത്‌നിക്കുകയും ചെയ്യുന്ന അമേരിക്കന്‍ മലയാളികള്‍ മാതൃഭാഷയുടെ വക്താക്കളാണെന്ന് മലയാളം അക്കാദമി ഭാരവാഹികള്‍ പറഞ്ഞു. 

ലോകത്തെവിടെയായാലും മലയാളം വളരണമെന്നും മനസും വളരണമെന്നുമുള്ള നിശ്ചയ ദാര്‍ഢ്യമാണ് ഫൊക്കാനയ്ക്കുള്ളതെന്നും അതിന്റെ ഭാഗമായാണ് അമേരിക്കയില്‍ മലയാളം അക്കാദമി എന്ന ആശയം പ്രാവര്‍ത്തികമാവുന്നതെന്നും മലയാളം അക്കാദമിയുടെ ഡയറക്ടര്‍മാരായ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഡോ. സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, അഡീഷണല്‍ സെക്രട്ടറി ഡോ. മാത്യു വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്,   ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗങ്ങളായ സോണി അമ്പൂക്കന്‍, ജോണ്‍സണ്‍ തങ്കച്ചന്‍, ഫിലിപ്പ് കറുകപ്പറമ്പില്‍ എന്നിവര്‍ പറഞ്ഞു.

മലയാള ഭാഷയുടെ പ്രചാരണത്തിനായി ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച മലയാളം അക്കാദമി ഭാഷയുടെ വളര്‍ച്ചയ്ക്കും പ്രചാരണത്തിനുമായി ഒട്ടേറെ പരിപാടികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ഫൊക്കാനയുടെ നേതൃത്വത്തില്‍ ആരംഭിച്ച അക്ഷരജ്വാല മലയാളം അക്കാദമിയുടെ പ്രവര്‍ത്തനങ്ങളിലൊന്നാണ്. മലയാള ഭാഷ സംരക്ഷിക്കുക, വളര്‍ത്തുക, വിപുലീകരിക്കുക എന്നത് ലക്ഷ്യമായികാണുന്ന ഫൊക്കാന യുവതലമുറയിലേക്ക് ഭാഷാജ്ഞാനവും സാംസ്‌കാരിക പൈതൃകങ്ങളും എത്തിച്ചുകൊടുക്കാന്‍ നടത്തുന്ന വിപുലമായ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തതാണ് അക്ഷര ജ്വാല. 

കേരള സര്‍ക്കാരിന്റെ കീഴിലുള്ള മലയാളം ഭാഷാ മിഷനുമായി സഹകരിച്ചു ആധുനിക രീതിയില്‍  മലയാള ഭാഷ സായത്തമാകുന്നതിനുള്ള പഠന ക്രമീകരണവും മലയാളം അക്കാദമി ഒരുക്കുന്നുണ്ട്. ഭാഷ മിഷന്റെ ഭാഗമായി പ്രത്യേകം തയാറാക്കിയ കരിക്കുലം പ്രകാരം മലയാള ഭാഷ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മലയാളം  ഐച്ഛിക വിഷയമായെടുത്ത് പഠിക്കുന്നതിന് ഓസ്റ്റിന്‍ ടെക്‌സസ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് മലയാള ഭാഷയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നത്തിനുള്ള പരിശീലനവും ഗൈഡന്‍സും ലഭ്യമാക്കുന്ന പരിപാടിയും മലയാളം അക്കാദമി നടത്തുന്നുണ്ട്.

Other News