അമേരിക്കയില്‍ സിഖ് നേതാവ് പന്നൂന് എതിരായ വധഗൂഢാലോചനയ്ക്ക് കാനഡയിലെ നിജ്ജാറിന്റെ വധവുമായി ബന്ധം


DECEMBER 3, 2023, 8:58 AM IST

വാഷിംഗ്ടണ്‍: കാനഡയിലെ സിഖ് ക്ഷേത്ര പരിസരത്തെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് ഇന്ത്യ വിരുദ്ധ സിഖ് നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊല്ലപ്പെട്ട സംഭവവും യുഎസില്‍ മറ്റൊരു സിഖ് നേതാവായ പന്നൂനെ കൊലപ്പെടുത്താനുള്ള പാഴായ ശ്രമത്തിനുപിന്നിലെ ഗൂഢാലോചനയും തമ്മില്‍ ബന്ധമുണ്ടെന്ന് യുഎസ് പ്രോസിക്യൂട്ടര്‍മാരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്.

സിഖ് സമുദായ നേതാവായ നിജ്ജാറിനെ മുഖംമൂടി ധരിച്ച രണ്ടുപേര്‍ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷം, രക്തത്തില്‍കുളിച്ച ഇര തന്റെ ട്രക്കില്‍ വീണുകിടക്കുന്ന വീഡിയോ ഒരു മുതിര്‍ന്ന ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ തനിക്കറിയാവുന്ന ഒരു മയക്കുമരുന്ന് കടത്തുകാരന് അയച്ചുകൊടുത്തു. ഒരു മണിക്കൂറിന് ശേഷം, താന്‍ കൊല്ലാന്‍ ആഗ്രഹിക്കുന്ന മറ്റൊരു സിഖ് പ്രവര്‍ത്തകന്റെ ന്യൂയോര്‍ക്കിലെ വിലാസവും കൈമാറി. യുഎസിന്റെ മണ്ണില്‍ ഒരു സിഖ് നേതാവിനെ വധിക്കാനുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശം ഏറ്റെടുത്ത മരുന്നു കടത്തുകാരന്‍ ഈ ചുമതല ഒരു ഒരാളെ ഏല്പിക്കുകയും ക്വട്ടേഷന്‍ നടപ്പാക്കാന്‍ പ്രതിഫലമായി 15000 ഡോളര്‍ അഡ്വാന്‍സായി സ്വീകരിക്കുകയും ചെയ്തു. പണത്തോടൊപ്പം ഇത്തരം നിരവധി കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട് എന്ന നിര്‍ദ്ദേശവും ''ക്വട്ടേഷന്‍ കൊലയാളിക്ക്'' ലഭിച്ചിരുന്നു.

യഥാര്‍ത്ഥത്തില്‍ താന്‍ വാടകക്കൊലയാളിയായി നിയമിച്ചത് ഒരു രഹസ്യ യു.എസ് നിയമപാലകനാണെന്ന് അറിയാതെയായിരുന്നു മയക്കു മരുന്ന് കച്ചവടക്കാരന്റെ ഇടപെടലെന്ന് കൊലപാതക ഗൂഢാലോചനയുടെ ചുരുളഴിച്ച യുഎസ് പ്രോസിക്യൂട്ടര്‍മാരെ ഉദ്ധരിച്ച് ജേര്‍ണല്‍ പറയുന്നു. 

ജൂണ്‍ 18 ന് വാന്‍കൂവറിന് സമീപം കൊല്ലപ്പെട്ട 45 കാരനായ ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊല്ലപ്പെട്ട അതേ രീതിയില്‍, ന്യൂയോര്‍ക്കില്‍ ഇന്ത്യാവിരുദ്ധ സിഖ് നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നതായി പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. ഇന്ത്യയില്‍ ഖാലിസ്ഥാന്‍ എന്ന ഒരു സ്വതന്ത്ര സിഖ് രാഷ്ട്രംസ്ഥാപിക്കാനായി പോരാടുന്നവരെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യാ സര്‍ക്കാരും പങ്കാളികളായി എന്ന ആരോപണം ന്യൂ ഡല്‍ഹിയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം തകര്‍ത്തിനുപിന്നാലെ ന്യൂഡല്‍ഹിയും വാഷിംഗ്ടണും തമ്മിലുള്ള സുദൃഢമായ ബന്ധത്തിനും ഭീഷണി ഉയര്‍ത്തുകയും നയതന്ത്ര അവഹേളനത്തിന് വിത്തുപാകുകയും ചെയ്തിരിക്കുകയാണ്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ രൂപ കല്പന ചെയ്തതെന്ന് വൈറ്റ് ഹൗസ് വിശേഷിപ്പിച്ച യുഎസിലേക്കുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിപുലമായ ഒരു സ്‌റ്റേറ്റ് വിസിറ്റ് ഉണ്ടായ അതേ മാസത്തില്‍ തന്നെയാണ് കാനഡയില്‍ നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെടുകയും യുഎസില്‍ പന്നൂണിന്റെ വധിക്കാന്‍  വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കുകയും ചെയ്തതെന്ന് കുറ്റപത്രം ആരോപിക്കുന്നു.

ഈ ആഴ്ച മുദ്രവെക്കാത്ത കുറ്റപത്രത്തില്‍ അടങ്ങിയിരിക്കുന്ന വിശദമായ ആരോപണങ്ങള്‍, നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് സെപ്റ്റംബറില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ ശക്തിപ്പെടുത്തുന്നതാണ്.  നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് പങ്കുള്ളതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നായിരുന്നു ട്രൂഡോയുടെ വാദം. ട്രൂഡോയുടെ ആരോപണങ്ങള്‍ അപ്പാടെ തള്ളിയ ന്യൂഡല്‍ഹി രോഷം സഹിക്കാനാവാതെ 40 ലധികം കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യയില്‍ നിന്ന് പിന്‍വലിക്കാന്‍ ഒട്ടാവയെ നിര്‍ബന്ധിക്കുകയും ചെയ്തു.

അതേസമയം പന്നൂനെ ന്യൂയോര്‍ക്കില്‍ വെച്ച് വധിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഗൂഢാലോചന നടത്തിയെന്ന് യുഎസ് ഉന്നയിച്ച ആരോപണം ഏറക്കുറെ അംഗീകാരമനോഭാവത്തോടെയാണ്  ഈ ആഴ്ച ഇന്ത്യ നേരിട്ടത്. ഈ വിഷയം സെപ്റ്റംബറില്‍ മോഡിയോട് പ്രസിഡന്റ് ബൈഡന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിരുന്നെങ്കിലും പ്രതികരണമുണ്ടായത്. ഇപ്പോളാണ്. ഗൂഢാലോചനയുടെ കുറ്റപത്രം പരസ്യമാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അന്വേഷണത്തിനായി ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അതിന്റെ കണ്ടെത്തലുകളില്‍ നടപടിയെടുക്കുമെന്നും മോഡി സര്‍ക്കാര്‍ ബുധനാഴ്ച പറഞ്ഞു.

പന്നൂന്‍ വധശ്രമ ഗൂഢാലോചനയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനെക്കുറിച്ചുള്ള യുഎസിന്റെ പരാമര്‍ശം ആശ്ചര്യകരമായ അറിവാണെന്നും ഉദ്യോഗസ്ഥന് പങ്കുണ്ടെങ്കില്‍ അത് ഇന്ത്യന്‍ നയമല്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച പറഞ്ഞു.

അതേസമയം ഇന്ത്യക്കെതിരെ വിദേശത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച നിജ്ജാറിനെയും പന്നൂനെയും മോഡി സര്‍ക്കാര്‍ തീവ്രവാദികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിദേശത്ത് താമസിക്കുന്ന ദശലക്ഷക്കണക്കിന് സിഖുകാര്‍ക്കിടയില്‍ പ്രതിഷേധങ്ങളും റഫറണ്ടങ്ങളും സംഘടിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ ന്യൂ ഡല്‍ഹിക്ക് നിരന്തരം തലവേദന സൃഷ്ടിക്കുന്നതായിരുന്നു.

Other News