ഫോമ കൺവെൻഷൻ-2020 വിപുലമായ പരിപാടികളോടെ ക്രൂയിസ് ഷിപ്പിൽ


OCTOBER 16, 2019, 9:23 PM IST

ഹൂസ്റ്റൺ:ഫോമയുടെ ഏഴാമത് കൺവെൻഷൻ അഞ്ചുപകലും നാലുരാത്രിയുമായി അടുത്തവർഷം ജൂലൈ ആറുമുതൽ പത്തുവരെ  ക്രൂയിസ് ഷിപ്പിൽ നടത്തും.ഇതിന്റെ കിക്ക് ഓഫ് ഹൂസ്റ്റണിൽ നടന്നു.

ഫോമ കൺവെൻഷൻ-2020  ഹൂസ്റ്റണിലെ ഗ്യാൽവസ്റ്റണിൽ നിന്നുതിരിക്കുന്ന റോയൽ കരീബിയന്റെ മെക്‌സിക്കോയിലെ കോസുമലിലേക്കുള്ള ക്രൂയിസ് ഷിപ്പിലായിരിക്കും നടക്കുക.വിവിധ കലാപരിപാടികൾ ഇതോടനുബന്ധിച്ച് അരങ്ങേറും.മെക്‌സിക്കോയുടെ പൗരാണികത അടുത്തുകണ്ടറിയാൻ താൽപര്യമുള്ളവർക്ക് യൂക്കറ്റാൻ മായൻ ടെമ്പിൾ,കോസുമലിലെ സീനോട്ട് എന്നിവ സകുടുംബം സന്ദർശിക്കാൻ അവസരമുണ്ടാകും.

കൺവെൻഷൻ കിക്ക് ഓഫ് യോഗത്തിൽ ഫോമ സൗത്ത് വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ് തോമസ് ഓലിയാംകുന്നേൽ അധ്യക്ഷത വഹിച്ചു.

ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ,ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാം,കൺവെൻഷൻ ചെയർമാൻ ബിജു തോമസ്,വൈസ് ചെയർമാൻ ബേബി മണക്കുന്നേൽ,മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ പ്രസിഡന്റ് മാർട്ടിൻ ജോൺ,'സാമ'പ്രസിഡന്റ് ജിജി ഓലിക്കൻ,ഡാളസ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സാമുവൽ മത്തായി,ഫോമ നാഷണൽ കമ്മിറ്റിയംഗം രാജൻ യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.

ഈ മാസം 30നകം ഫോമയുടെ വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവർക്ക് ഡിസ്‌കൗണ്ട് റേറ്റിൽ കൺവെൻഷനിൽ പങ്കെടുക്കാമെന്ന് കൺവെൻഷൻ ചെയർമാൻ ബിജു തോമസ് അറിയിച്ചു.കൂടുതൽ വിവരങ്ങൾ www.fomaa.com ൽ നിന്ന് ലഭിക്കും.

Other News