സൗദി ചാരനായി പ്രവര്‍ത്തിച്ച ട്വിറ്റര്‍ മുന്‍ ജീവനക്കാരന് യു എസ് കോടതിയുടെ ശിക്ഷ


AUGUST 10, 2022, 6:40 PM IST

വാഷിങ്ടണ്‍: സൗദി അറേബ്യയുടെ ചാരനായി പ്രവര്‍ത്തിച്ച കുറ്റത്തിന് ട്വിറ്ററിലെ മുന്‍ ജീവനക്കാരന് ശിക്ഷ വിധിച്ച് യു എസ് കോടതി. 2013നും 2015നുമിടയില്‍ ട്വിറ്ററില്‍ മീഡിയ പാര്‍ട്ണര്‍ഷിപ്പ് മാനേജരായി ജോലി ചെയ്തിരുന്ന അഹമ്മദ് അബുവമ്മൊ എന്നയാളെയാണ് യു എസ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത്.

ട്വിറ്ററിലൂടെ സൗദി അറേബ്യന്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്നവരുടെ വ്യക്തിവിവരങ്ങള്‍ സൗദി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥന് തുടര്‍ച്ചയായി കൈമാറിയന്നൊണ് അഹമ്മദ് അബുവമ്മൊക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം.

സൗദി അറേബ്യയുടെ ഏജന്റായി പ്രവര്‍ത്തിച്ചു, കള്ളപ്പണം വെളുപ്പിച്ചു, രേഖകളില്‍ കൃത്രിമം കാണിക്കാന്‍ ഗൂഢാലോചന നടത്തി എന്നിങ്ങനെ ഇയാള്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം നിലനില്‍ക്കുന്നതാണെന്ന് കോടതി കണ്ടെത്തി.

യു എസ്- ലെബനന്‍ പൗരനായ അഹമ്മദ് അബുവമ്മൊ സൗദി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുന്ന അക്കൗണ്ടുകളുടെ ഫോണ്‍ നമ്പറുകളും ഇമെയില്‍ അക്കൗണ്ടുകളും ആക്‌സസ് ചെയ്തുവെന്നും ഈ വിവരങ്ങള്‍ വലിയ തുകയ്ക്ക് സൗദി ഉദ്യോഗസ്ഥന് കൈമാറിയെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

ട്വിറ്റര്‍ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ കൈമാറിയതിന് പകരമായി അഹ്മദ് അബുവമ്മൊക്ക് സൗദി ഉദ്യോഗസ്ഥന്‍ 40,000 ഡോളര്‍ വിലമതിക്കുന്ന ലക്ഷ്വറി വാച്ച് സമ്മാനമായി നല്‍കിയെന്നും ഇയാളുടെ പിതാവിന്റെ പേരിലുള്ള ലെബനീസ് ബാങ്ക് അക്കൗണ്ടിലേക്ക് ഒരു ലക്ഷം ഡോളറിന്റെ മൂന്ന് പേയ്‌മെന്റുകള്‍ നടത്തിയെന്നും പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ആരോപിച്ചു.

തനിക്ക് പാരിതോഷികമായി കിട്ടിയ വാച്ച് അന്നത്തെ ട്വിറ്ററിന്റെ പോളിസിയനുസരിച്ച് അബുവമ്മൊ തന്റെ മേലുദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാക്കിയില്ലെന്ന് കോടതി രേഖകളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

വാച്ചിന് വെറും 500 ഡോളര്‍ മാത്രമാണ് വിലയെന്ന് 2018ല്‍ ഇയാള്‍ എഫ് ബി ഐ ഏജന്റുമാരോട് നുണ പറഞ്ഞിരുന്നെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചു.

സൗദിക്ക് ഒരു ട്വിറ്റര്‍ ഇന്‍സൈഡര്‍ ഉണ്ടായിരിക്കുകയാണെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Other News