യു എസ് തെരഞ്ഞെടുപ്പിൽ നാല് ഇന്ത്യക്കാർക്കു ജയം


NOVEMBER 8, 2019, 8:41 PM IST

വാഷിംഗ്‌ടൺ:അമേരിക്കയിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ഒരു മുസ്ലിം വനിത ഉൾപ്പെടെ നാല്‌ ഇന്ത്യക്കാർ വിജയിച്ചു. വിർജീനിയ സെനറ്റിലേക്ക്‌  ഗസാല ഹാഷ്മി, പ്രതിനിധി സഭയിലേക്ക്‌ സുഹാസ് സുബ്രഹ്മണ്യം എന്നിവരും കാലിഫോർണിയ സെനറ്റിലേക്ക്‌ മനോ രാജു, വടക്കൻ കരോളിനയിൽ സിറ്റി കൗൺസിലിലേക്ക്‌ ഡിമ്പിൾ അജ്‌മേറ എന്നിവരുമാണ്‌ ജയം കണ്ടത്.

പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർടിയുടെ സിറ്റിംഗ് സീറ്റിലാണ്‌ ഡെമോക്രാറ്റ്‌ പാർട്ടി സ്ഥാനാർത്ഥി ഗസാല ജയിച്ചത്‌. കമ്യൂണിറ്റി കോളേജ് മുൻ അധ്യാപികയായ  ഗസാല ഹാഷ്മി വിർജീനിയ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുസ്ലിം വനിതയുമായി. നിലവിലെ സെനറ്ററായ റിപ്പബ്ലിക്കൻ ഗ്ലെൻ സ്റ്റർട്ടുവെന്റിനെയാണ്‌ കന്നിമത്സരത്തിൽ തോൽപ്പിച്ചത്‌. 50 വർഷം മുമ്പാണ്‌ ഗസാലിയുടെ കുടുംബം അമേരിക്കയിൽ എത്തിയത്‌.

ബറാക് ഒബാമ  അമേരിക്കൻ  പ്രസിഡന്റായിരിക്കെ വൈറ്റ് ഹൗസ് സാങ്കേതിക നയ ഉപദേഷ്ടാവായിരുന്നു സുഹാസ് സുബ്രഹ്മണ്യം. 40 വർഷം മുമ്പാണ്‌ അദ്ദേഹത്തിന്റെ കുടുംബം അമേരിക്കയിലെത്തിയത്‌.

കരോളിനയിൽ തെരഞ്ഞെടുക്കപ്പെട്ട മനോ രാജു മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക്‌ കുടിയേറിയതാണ്‌. തമിഴ്‌നാട്ടുകാരനാണ്‌. പൗരന്മാർക്ക്‌ നിയമസഹായം നൽകുന്ന സാൻഫ്രാൻസിസ്‌കോസ്‌ പബ്ലിക് ഡിഫെൻഡറിൽ ജോലി ചെയ്യുകയായിരുന്നു രാജു.

16–-ാം വയസ്സിൽ മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക്‌ കുടിയേറിയ ഡിമ്പിൾ അജ്‌മേറ ഷാർലറ്റ്‌ സിറ്റി കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിക്കുകയായിരുന്നു.

Other News