ആചാര ഔദ്യോഗിക ബഹുമതികളോടെ സന്ദീപ് സിംഗ് ധലിവാലിന്റ സംസ്‌ക്കാരം


OCTOBER 3, 2019, 4:34 PM IST

ഹൂസ്റ്റണ്‍: അമേരിക്കയില്‍ അക്രമിയുടെ വെടിയേറ്റു മരിച്ച ഇന്ത്യന്‍ സിഖ് വംശജനായ പോലീസ് ഓഫീസര്‍  സന്ദീപ് സിംഗ് ധലിവാലിന്റ ശവ സംസ്‌ക്കാരം സിഖ് ആചാരങ്ങളുടെയും അമേരിക്കന്‍ പോലീസ് സേനയുടെ ഔദ്യോഗിക ബഹുമതികളോടെയും ഹൂസ്റ്റണില്‍ നടന്നു.

ആയിരക്കണക്കിന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരുടെ സാന്നിധ്യത്തിലായിരുന്നു ബുധനാഴ്ച രാവിലെമുതല്‍ ഒരു പകല്‍ നീണ്ടുനിന്ന സംസ്‌ക്കാര ചടങ്ങുകള്‍. സിഖ് മതത്തിന്റെ ആചാരങ്ങളനുസരിച്ച് നടന്ന ചടങ്ങുകള്‍ക്കുപുറമെ ഔദ്യോഗികാചാരങ്ങളുടെ ഭാഗമായി അമേരിക്കന്‍ പോലീസിലെ 21 റൈഫിള്‍സേനയുടെയും  ഹെലികോപ്റ്റര്‍ വ്യൂഹത്തിന്റെയും  അഭിവാദ്യവും ഉണ്ടായിരുന്നു. സിഖ് മതവിശ്വാസികളും, പോലീസ് ഉദ്യോഗസ്ഥരും ഇന്ത്യന്‍ അമേരിക്കന്‍ വംശജരും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ട ആയിരക്കണക്കിനുപേരാണ് സന്ദീപ്‌സിംഗിന് അന്തിമോപചാരങ്ങള്‍ അര്‍പ്പിക്കാനെത്തിയത്. സിഖ് വിശ്വാസത്തിന്റെ ഭാഗമായ തലപ്പാവും,താടിയും വെക്കാന്‍ അനുമതി ലഭിച്ച അമേരിക്കന്‍ പോലീസ് സേനയിലെ ആദ്യത്ത പോലീസുദ്യോഗസ്ഥനായ സന്ദീപ് സിംഗ് (42) വെള്ളിയാഴ്ച പ്രാദേശിക സമയം 12 .30 ന് വാഹന പരിശോധനക്കിടെയാണ്  കാര്‍യാത്രികന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അക്രമിയെയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെയും പോലീസ് പിടികൂടിയിരുന്നു.

Other News