ബൈഡന്റെ ജയം അംഗീകരിച്ച് ജോര്‍ജിയ സ്‌റ്റേറ്റ് സെക്രട്ടറി


NOVEMBER 21, 2020, 5:31 AM IST

ജോര്‍ജിയ: ബൈഡന്‍ ജോര്‍ജിയ നേടിയതായി സ്‌റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെന്‍സ്‌പെര്‍ജര്‍ സര്‍ട്ടിഫൈ ചെയ്യും. അഞ്ച് ദശലക്ഷത്തിലേറെ വോട്ടുകള്‍ കൈകള്‍കൊണ്ട് എണ്ണിയതിന് പിന്നാലെയാണ് ബൈഡന്‍ ജയിച്ചതായി വിലയിരുത്തുന്നത്. ബൈഡന്റെ വിജയം നേരത്തെ തന്നെ പ്രഖ്യാപിച്ചതായി അറിയിപ്പുകള്‍ വന്നുവെങ്കിലും അത് അബദ്ധത്തില്‍ പുറത്തുവന്നതാണെന്ന് ഡപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ജോര്‍ദാന്‍ ഫ്യൂച്ചസ് പറഞ്ഞു. 

സംഘാംഗത്തിലൊരാള്‍ തെറ്റായ വാര്‍ത്താ കുറിപ്പ് അയക്കുകയായിരുന്നുവെന്നും സര്‍ട്ടിഫിക്കേഷന് മുമ്പായി നിരവധി ഒപ്പുകള്‍ വെക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

1992ന് ശേഷം ആദ്യമായാണ് ഒരു ഡെമോക്രാറ്റ് ജോര്‍ജിയ നേടുന്നത്. ട്രംപിനെതിരെ 12284 വോട്ടുകള്‍ക്കാണ് ബൈഡന്‍ ജോര്‍ജിയയില്‍ വിജയം വരിച്ചത്. വോട്ടിംഗില്‍ 0.3 ശതമാനമാണ് മാര്‍ജിന്‍.

തന്റെ മുമ്പിലുള്ള കണക്കുകള്‍ നുണയല്ലെന്നും സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയില്‍ അവ ശരിയാണെന്ന് താന്‍ കരുതുന്നതായും സര്‍ട്ടിഫിക്കേഷന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ റാഫെന്‌സ്‌പെര്‍ജര്‍ പറഞ്ഞു. അക്കങ്ങള്‍ ജനങ്ങളുടെ മാനസികാവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ബ്രയാന്‍ കെമ്പിന് തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ ശനിയാഴ്ച വരെ സമയുമുണ്ട്. കെമ്പ് വൈകിട്ട് അഞ്ച് മണിക്ക് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. 

നേരിയ മാര്‍ജിനായതിനാല്‍ ചൊവ്വാഴ്ചയോടെ വീണ്ടും എണ്ണിത്തിട്ടപ്പെടുത്താനുള്ള അവകാശം ട്രംപിനുണ്ട്. ട്രംപ് പ്രചാരണ വിഭാഗം അത്തരമൊരു ആവശ്യം ഉന്നയിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. എന്നാല്‍ നിയമപരമായ എല്ലാ ബാലറ്റുകളും എണ്ണുന്നുവെന്ന് ഉറപ്പാക്കുന്നതിന് നിയമപരമായ സാധ്യതകള്‍ തേടുമെന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നു. 

പ്രധാനപ്പെട്ട സംഗതികളിലൊന്നാണ് തെരഞ്ഞെടുപ്പിലെ സര്‍ട്ടിഫിക്കേഷന്‍. കോടതികള്‍ ഇടപെടുന്നില്ലെങ്കില്‍ വിജയി ആരാണെന്നുള്ള സംസ്ഥാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമാണിത്. മാത്രമല്ല ഇലക്ടറല്‍ കോളജിലേക്ക് പ്രതിനിധികളെ കണ്ടെത്തുന്നതിനും ഇതാണ് ഉപയോഗപ്പെടുത്തുക. 

തെരഞ്ഞെടുപ്പു ഫലങ്ങളില്‍ മാറ്റം വരുത്താന്‍ പ്രസിഡന്റ് ട്രംപ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി നിരവധി സംസ്ഥാനങ്ങളില്‍ വ്യവഹാരങ്ങളും റീകൗണ്ടിംഗുകള്‍ക്കുമുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ജോര്‍ജിയയില്‍ ഫലം വൈകിപ്പിക്കാനുള്ള ട്രംപ് വിഭാഗത്തിന്റെ ശ്രമങ്ങള്‍ക്ക് കോടതി ഇടപെട്ടാണ് അവസാനിപ്പിച്ചത്. 

ജോര്‍ജിയയിലെ തെരഞ്ഞെടുപ്പ് ഫലം റിപ്പബ്ലിക്കന്മാര്‍ക്കിടയില്‍ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. സെനറ്റര്‍മാരായ കെല്ലി ലോഫ്‌ളറും ഡേവിഡ് പെര്‍ഡ്യുവും രാജിവെക്കണമെന്ന് റാഫെന്‍സ്‌പെര്‍ജര്‍ ആവശ്യപ്പെട്ടു.

Other News