ആറു വയസിനിടെ 36 ശസ്ത്രക്രിയകൾ; വൈദ്യശാസ്ത്രത്തിന് വിസ്‌മയം,മാതാപിതാക്കൾക്ക് പ്രകാശം 


JULY 22, 2019, 1:14 AM IST

അലബാമ:ആറു വയസുകാരൻ ഗ്രെയ്‌സൺ കോൾ സ്‌മിത്ത്‌ വൈദ്യശാസ്ത്രലോകത്തിന് വിസ്‌മയമാണ്.കാരണം ,പരമാവധി ഒരു മാസം മാത്രമെ ഗ്രെയ്‌സൺ ജീവിക്കൂ എന്നാണ് അവന്റെ ജനന വേളയിൽ  ഡോക്‌ടർമാർ വിധിയെഴുതിയത്.മാത്രമല്ല ഇക്കാലത്തിനിടയ്ക്ക് 36 ശസ്ത്രക്രിയകളെയും അവൻ അതിജീവിച്ചിരിക്കുന്നു. 

അമേരിക്കയിൽ അലബാമയിലെ, കെൻസിൽ- ജെന്നി ദമ്പതികളുടെ നാലാമത്തെ കുഞ്ഞായ ഗ്രെയ്‌സൺ 2013 ഫ്രെബുവരി 15നു പിറന്നുവീണത് അപൂർവങ്ങളിൽ അപൂർവം എന്നു വിശേഷിപ്പിക്കാവുന്ന രോഗ,വൈകല്യ അവസ്ഥകളുമായാണ്. ജന്മനാ അന്ധനും ബധിരനും എന്നതിനുപുറമെ തലയോട്ടിയുടെ മൂന്നിൽ ഒരു ഭാഗം ഇല്ലാത്ത അവസ്ഥയുമായിരുന്നു.കൂടാതെ ഹൃദയത്തിൽ  ദ്വാരവും നട്ടെല്ലിനു വളവും.ആന്തരികാവയവങ്ങളെല്ലാം നുറുങ്ങിയ നിലയിൽ. നടക്കാനാവില്ല. ശ്വസിക്കാനും ഏറെ പ്രയാസം. 

ഒരു മാസം ആയുസ് നിശ്ചയിച്ച ഡോക്‌ടർമാരെ സാക്ഷിയാക്കി ഗ്രെയ്‌സൺ അതിജീവിച്ച 36 ശസ്ത്രക്രിയകളിൽ 26 എണ്ണം തലയോട്ടിയിലും തലച്ചോറിലും ആയിരുന്നു.അവൻ ഇപ്പോൾ സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് അമ്മ ജെന്നി പറയുന്നത്.പ്രായം കൂടുന്തോറും കണ്ണുകളും കാതുകളും പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ മറ്റ് അവസ്ഥകളെല്ലാം വളരുന്തോറും കൂടുതൽ മോശമാകുന്നു.

'അവന് ഞങ്ങൾ ഒരു പ്രയാസവും നൽകില്ല. അവന് ഇഷ്‌ടമുള്ളത് ഞങ്ങൾ നൽകുന്നുണ്ട്. ഓരോ നിമിഷവും ഗ്രെയ്‌സൺ സന്തോഷത്തോടെയാണ് ചെലവഴിക്കുന്നത്. അവൻ എപ്പോഴും ഞങ്ങളുടെ പ്രകാശമാണ്. എപ്പോഴും അവന്റെ ചിരിയുള്ള മുഖം മാത്രമേ കാണാൻ ആ​ഗ്രഹിക്കുന്നുള്ളൂ'-ജെന്നി പറയുന്നു.

Other News