ഒസ്‌ക്കറിനുള്ള ഇന്ത്യന്‍ ഒഫീഷ്യല്‍ എന്‍ട്രി ഗുജറാത്തി ചിത്രം ചെല്ലോ ഷോയ്ക്ക്


SEPTEMBER 20, 2022, 11:02 PM IST

ലോസ്ഏഞ്ചല്‍സ്: ഒസ്‌ക്കാര്‍ പുരസ്‌ക്കാരത്തിനുള്ള ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രി പ്രഖ്യാപിച്ചു. പാന്‍ നളിന്‍ സംവിധാനം നിര്‍വഹിച്ച ചെല്ലോ ഷോ (ലാസ്റ്റ് ഫിലിം ഷോ) ആണ് ഒസ്‌ക്കര്‍ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഗുജറാത്തി ചിത്രമാണിത്. 

എസ് എസ് രാജമൗലിയുടെ ആര്‍ ആര്‍ ആര്‍, വിവേക് അഗ്നിഹോത്രിയുടെ ദി കശ്മീര്‍ ഫയല്‍സ് എന്നീ ചിത്രങ്ങളെ മറികടന്നാണ് ചെല്ലോ ഷോ ഒസ്‌ക്കര്‍ മത്സരത്തിലേക്ക് യോഗ്യത നേടിയത്. 

ഒസ്‌ക്കര്‍ എന്‍ട്രിയില്‍ സന്തോഷം രേഖപ്പെടുത്തി സംവിധായകന്‍ പാന്‍ നളിന്‍ രംഗത്തെത്തി. ഇത് ഒരു അത്ഭുത രാത്രിയാണെന്നും ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കും ജൂറി അംഗങ്ങള്‍ക്കും നന്ദിയെന്നും ചെല്ലോ ഷോയില്‍ വിശ്വാസം അര്‍പ്പിച്ചതിന് നന്ദിയെന്നും ഇനിയെനിക്ക് സമാധാനമായി ശ്വാസം വിടാമെന്നും സിനിമ ആസ്വദിപ്പിക്കുമെന്നും പ്രചോദിപ്പിക്കുമെന്നും പ്രകാശിപ്പിക്കുമെന്നും വിശ്വസിക്കാമെന്നുമാണ് പാന്‍ നളിന്‍ ട്വീറ്റ് ചെയ്തത്. 

ചെല്ലോ ഷോ ഒക്ടോബര്‍ 14നാണ് റിലീസ് ചെയ്യുന്നത്. സിനിമാ മോഹിയായ ഒന്‍പത് വയസ്സുകാരനെ ചുറ്റിപ്പറ്റിയാണ് സിനിമ നടക്കുന്നത്. ഭവിന്‍ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെന്‍ റാവല്‍, പരേഷ് മേത്ത എന്നിവരാണ് സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

സിനിമാ രംഗത്തെ പ്രമുഖ അന്താരാഷ്ട്ര മാഗസിനായ വെറൈറ്റി പുറത്തുവിട്ട ഒസ്‌ക്കര്‍ സാധ്യതാ പട്ടികയില്‍ ആര്‍ ആര്‍ ആറിന് വലിയ സാധ്യകള്‍ കല്‍പ്പിച്ചിരുന്നു. പ്രസ്തുത സിനിമയാണ് പുറത്തുപോയത്.

Other News