എച്ച് 1 ബി വിസ അപേക്ഷകള്‍ മാര്‍ച്ച് ഒന്നു മുതല്‍ സ്വീകരിക്കും


JANUARY 29, 2023, 11:00 PM IST

വാഷിംഗ്ടണ്‍: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള എച്ച് 1 ബി വിസ അപേക്ഷകള്‍ യു എസ് ഇമിഗ്രേഷന്‍ ഏജന്‍സി മാര്‍ച്ച് ഒന്നിന് ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങും. ഇന്ത്യന്‍ ഐ ടി പ്രൊഫഷണലുകള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളി വിസയാണിത്. 

ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്നതിന് സാങ്കേതിക കമ്പനികള്‍ ഈ വിസയാണ് ആശ്രയിക്കുന്നത്. 

2023 ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ആറ് വര്‍ഷം വരെ യു എസില്‍ ജോലി ചെയ്യാനും താമസിക്കാനും അനുവദിക്കുന്ന എച്ച് 1 ബി വിസകള്‍ക്കായുള്ള അപേക്ഷകള്‍ മാര്‍ച്ച് ഒന്നിനും മാര്‍ച്ച് 17നും ഇടയില്‍ സ്വീകരിക്കുമെന്ന് യു എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് അറിയിച്ചു. 

ആറ് വര്‍ഷത്തിന് ശേഷം, ഇത് സ്ഥിര താമസത്തിനോ ഗ്രീന്‍ കാര്‍ഡിലേക്കോ വഴി തുറക്കുന്നു. മാര്‍ച്ച് 17നകം മതിയായ രജിസ്‌ട്രേഷനുകള്‍ ലഭിച്ചാല്‍ ഉപയോക്താക്കളുടെ മൈ യു എസ് സി ഐ എസ് ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ വഴി തെരഞ്ഞെടുപ്പ് അറിയിപ്പുകള്‍ അയയ്ക്കും. വേണ്ടത്ര റജിസ്‌ട്രേഷനുകള്‍ ലഭിച്ചില്ലെങ്കില്‍ പ്രാരംഭ റജിസ്‌ട്രേഷന്‍ കാലയളവില്‍ ശരിയായി സമര്‍പ്പിച്ച എല്ലാ റജിസ്‌ട്രേഷനുകളും തെരഞ്ഞെടുക്കും.

എച്ച് 1 ബി അലോക്കേഷനുകള്‍ പ്രതിവര്‍ഷം 85,000 വിസകളായി പരിമിതപ്പെടുത്തിയിരിക്കുന്നു. അതില്‍ 20,000 യു എസ് സ്ഥാപനങ്ങളില്‍ നിന്ന് ഉന്നത ബിരുദം നേടിയ തൊഴിലാളികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ശേഷിക്കുന്ന 65,000 വിസകള്‍ ലോട്ടറി സമ്പ്രദായത്തിലൂടെയാണ് നല്‍കുന്നത്, ഇത് എച്ച് 1 ബി വിസയ്ക്കുള്ള മത്സരം കടുത്തതാക്കുന്നു.

എച്ച് 1 ബി വിസകള്‍ക്കായുള്ള ഉയര്‍ന്ന ഡിമാന്‍ഡ് പ്രോഗ്രാമില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെടുന്നതിലേക്ക് നയിച്ചു. ലഭ്യമായ വിസകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും അപേക്ഷാ പ്രക്രിയ ലളിതമാക്കുന്നതിനും നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ട്. 

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനൊപ്പം സാങ്കേതികവിദ്യയിലും നവീകരണത്തിലും ആഗോള തലവന്‍ എന്ന നിലയില്‍ അമേരിക്കയുടെ സ്ഥാനം നിലനിര്‍ത്തുന്നതിന് എ്ച്ച് 1 ബി പ്രോഗ്രാം നിര്‍ണായകമാണെന്ന് വക്താക്കള്‍ വിശദമാക്കുന്നു.

Other News