അമേരിക്കയുടെ ഇതിഹാസ നയതന്ത്രജ്ഞന്‍ ഹെന്റി കിസിഞ്ജര്‍ അന്തരിച്ചു


NOVEMBER 30, 2023, 8:51 AM IST

വിസ്മയവും വിവാദങ്ങളും ഒരേപോലെ മിഴുവുപകർന്ന നയതന്ത്ര ചാതുര്യത്തിൻറെ അപോസ്തലനായിരുന്നു ബുധനാഴ്ച്ച അന്തരിച്ച മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിഞ്ജർ. കിസിഞ്ജർക്ക് ഒരേയൊരു താല്പര്യമേ ഉണ്ടായിരുന്നുള്ളൂ: അമേരിക്കൻ താല്പര്യം. അത് സംരക്ഷിക്കുന്നതിനാണ് അദ്ദേഹം തൻറെ നയതന്ത്രപാടവം മുഴുവൻ പ്രയോഗിച്ചത്.
---
ഇക്കഴിഞ്ഞ മെയ് 27ന് നൂറാം ജന്മദിനമാഘോഷിച്ച അമേരിക്കയുടെ ഇതിഹാസ നയതന്ത്രജ്ഞന്‍ ഹെന്റി കിസിഞ്ജര്‍ അന്തരിച്ചു.

നിക്സണ്‍ പ്രസിഡന്‍സിയുടെ ആഗോളമുഖമായിരുന്നു ഹെന്റി കിസിഞ്ജര്‍. ഇരുപതാം നൂറ്റാണ്ടിലെ യുഎസ് വിദേശനയത്തില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച കിസിഞ്ജര്‍ ഒരേസമയം വിസ്മയവും വിവാദവും ഉയര്‍ത്തിയ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കിസിഞ്ജര്‍ അസോസിയേറ്റ്സ് ആണ് ബുധനാഴ്ച്ച വൈകിട്ട് കിസിഞ്ജരുടെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്.

റിച്ചാര്‍ഡ് നിക്സണ്‍ പ്രസിഡന്‍സിയുടെ കാലത്ത് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ കിസിഞ്ജര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അതികായനായി തന്റെ മരണം വരെയും തുടര്‍ന്നു. 'വാട്ടര്‍ഗേറ്റി'ല്‍ തട്ടി നിക്സണ്‍ തകര്‍ന്നടിഞ്ഞപ്പോഴും കിസിഞ്ജര്‍ തലയുയര്‍ത്തി നിന്നു-- ആഗോള തലസ്ഥാനങ്ങളില്‍ ഏത് സമയത്തും കയറിച്ചെല്ലാനുള്ള ലൈസന്‍സുമായി. നൂറാം വയസിലും ആ കുശാഗ്രബുദ്ധിയുടെ മൂര്‍ച്ചയ്ക്കോ ആഗോള വിഷയങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന താല്‍പര്യങ്ങളിലോ ഒരു കുറവുമുണ്ടായിരുന്നില്ല.

ഇന്നത്തെ തലമുറക്ക് അറിയില്ലെങ്കിലും 1969-73 കാലയളവില്‍ നിക്‌സനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നിന്ന് വിയറ്റ്‌നാം യുദ്ധം അവസാനിപ്പിക്കുന്നതിലും 'പിംഗ് പോംഗ് ഡിപ്ലോമസി'യിലൂടെ ചൈനയെ ലോകമുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലും 'ക്യാമ്പ് ഡേവിഡ്' കരാറിലൂടെ ആജന്മവൈരികളായിരുന്ന ഈജിപ്തിനെയും ഇസ്രായേലിനെയും ഒരേ വേദിയില്‍ കൊണ്ടുവരുന്നതിലും ഈ നയതന്ത്രജ്ഞന്‍ കാട്ടിയ വൈദഗ്ദ്ധ്യം നയതന്ത്രരംഗത്തേക്ക് ചുവട് വയ്ക്കുന്നവര്‍ പഠിച്ചിരിക്കേണ്ട പാഠങ്ങളില്‍ ഒന്നാണ്.

അമേരിക്കയെ അതിന്റെ ഏറ്റവും പ്രക്ഷുബ്ധമായ ഒരു നൂറ്റാണ്ടിലൂടെ നയിച്ച രാഷ്ട്രീയ റിപ്പബ്‌ളിക്കന്‍-ഡെമോക്രാറ്റിക്ക് നേതാക്കളെല്ലാം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞപ്പോഴും ആഗോള രാഷ്ട്രീയ വിഷയങ്ങളില്‍ സജീവമായ ഇടപെടലുമായി കിസിഞ്ജര്‍ ആയുസിന്റെ സെഞ്ച്വറിക്കും അപ്പുറത്തേക്ക് സഞ്ചരിക്കുകയായിരുന്നു.

1923 മെയ് 27ന് ജര്‍മ്മനിയില്‍ ജനിച്ച കിസിഞ്ജര്‍ യുഎസിനെ വിയറ്റ്നാമില്‍ നിന്ന് പുറത്തെടുക്കാനുള്ള അന്തിമശ്രമങ്ങള്‍ ഉള്‍പ്പെടെ 1960കളിലെയും 1970കളിലെയും അമേരിക്കന്‍ വിദേശനയ നീക്കങ്ങളില്‍ വഹിച്ച പങ്ക് നിസ്തുലമാണ്. അന്നത്തെ സംഘര്‍ഷങ്ങളില്‍ ഇടപെടുമ്പോള്‍ കിസിഞ്ജര്‍ക്ക് ജനാധിപത്യവും മര്യാദകളുമൊന്നും പ്രശ്‌നമായിരുന്നില്ല; ആകെ പ്രശ്‌നമായിരുന്നത് അമേരിക്കന്‍ താല്പര്യം മാത്രം.

തന്റെ പിതാവിന്റെ ജന്മശതാബ്ദിയെക്കുറിച്ച് വാഷിംഗ്ടണ്‍ പോസ്റ്റില്‍ മകന്‍ ഡേവിഡ് കിസിഞ്ജര്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: 'അദ്ദേഹത്തിന്റെ ആജ്ഞാശക്തിയും ചരിത്രത്തില്‍ നാഴികക്കല്ലുകള്‍ സൃഷ്ടിക്കുന്നതിനുള്ള ആവേശവും അദ്ദേഹത്തെ അടുത്തറിയുന്ന ഏതൊരാളെയും ആവേശം കൊള്ളിക്കുന്നതായിരുന്നു. അദ്ദേഹം തന്റെ സമപ്രായക്കാരെയും പ്രമുഖ വിമര്‍ശകരെയും വിദ്യാര്‍ത്ഥികളെയും അതിജീവിച്ചുവെന്ന് മാത്രമല്ല, തന്റെ 90-കളില്‍ അക്ഷീണം തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു.'

സമീപവര്‍ഷങ്ങള്‍ വരെയും കിസിഞ്ജര്‍ ഒരു മുതിര്‍ന്ന രാഷ്ട്രതന്ത്രജ്ഞനെന്ന നിലയില്‍ വാഷിംഗ്ടണിലെ അധികാര ദല്ലാളന്മാരുടെ മേല്‍ സ്വാധീനം നിലനിര്‍ത്തുന്നത് തുടര്‍ന്നു. ട്രംപ് ഭരണകാലത്ത് വൈറ്റ് ഹൗസ് ഉള്‍പ്പെടെയുള്ള റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് പ്രസിഡന്റുമാര്‍ക്ക് അദ്ദേഹം ഉപദേശം നല്‍കിയിട്ടുണ്ട്. ഒരു അന്താരാഷ്ട്ര കണ്‍സള്‍ട്ടിംഗ് ബിസിനസ്സ് നിലനിര്‍ത്തിക്കൊണ്ട് അദ്ദേഹം തന്റെ കൗമാരകാലത്തെ ജര്‍മ്മന്‍ ഉച്ചാരണം നിലനിര്‍ത്തിക്കൊണ്ടാണ് പ്രസംഗങ്ങള്‍ നടത്തി വന്നത്.

2021-ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള 'ദ ഏജ് ഓഫ് എഐ ആന്‍ഡ് ഔര്‍ ഹ്യൂമന്‍ ഫ്യൂച്ചര്‍' എന്ന പേരില്‍ കിസിഞ്ജര്‍ ഒരു പുസ്തകം രചിച്ചിരുന്നു. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ നേരിടാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് അദ്ദേഹം തന്റെ പുസ്തകത്തിലൂടെ മുന്നറിയിപ്പ് നല്‍കിയത് ഓപ്പണ്‍ എഐയിലെ സംഭവവികാസങ്ങള്‍ കൂടുതല്‍ പ്രസക്തമാക്കിയിരിക്കുകയാണ്..

ചിലിയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സാല്‍വദോര്‍ അയാന്‍ഡെയുടെ കൊലപാതകം, പാകിസ്ഥാനിലെ പട്ടാളഭരണകൂടവും കമ്പോഡിയയിലെ ഖേമര്‍ റൂഷ് ഭരണകൂടവും നടത്തിയ മില്യണ്‍ കണക്കിനാളുകളുടെ വംശഹത്യകള്‍ ദക്ഷിണേഷ്യയെ യുദ്ധഭൂമിയാക്കിയ ഭരണകൂടങ്ങള്‍ക്ക് നല്‍കിയ പിന്തുണ തുടങ്ങി കിസിഞ്ജരുടെ നയതന്ത്രജീവിതം വലിയൊരളവില്‍ ലോകത്തിന് സമ്മാനിച്ചത് ഇരുട്ടും ദുഖവുമായിരുന്നു.

ചൈനയെ കൂട്ടുപിടിക്കാനും യുഎസ് നിക്ഷേപം അങ്ങോട്ടൊഴുക്കാനും തുടക്കമിടുന്നതില്‍ കിസിഞ്ജരുടെ പങ്ക് വലുതായിരുന്നു. ആ കണക്കുകൂട്ടലുകള്‍ തെറ്റായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് ചൈന പുള്ളി ഒരിക്കലും മായാത്ത പുലിയാണെന്നും കാലം തെളിയിച്ചു. പക്ഷെ , കിസിഞ്ജരുടെ ഇടപെടലിനായി പിന്നീടും ഏറെക്കാലം അമേരിക്ക കാതോര്‍ത്ത് നിന്നു. ആ ജര്‍മന്‍ കലര്‍ന്ന ശബ്ദത്തിലും പ്രഭാഷണങ്ങളിലും സാമാന്യധാരണകളെ  അട്ടിമറിക്കുന്ന ഉള്‍ക്കാഴ്ചകള്‍ ഉണ്ടെന്ന് അവര്‍ക്കറിയാമായിരുന്നതിനാലായിരുന്നു അത്.

കിസിഞ്ജര്‍ ഒരുകാലത്ത് മലയാള മാധ്യമങ്ങളിലടക്കം നിറഞ്ഞുനിന്ന സാന്നിധ്യമായിരുന്നു. ഇന്തോ-യുഎസ് നയതന്ത്രബന്ധം തകര്‍ന്നടിഞ്ഞ വര്ഷങ്ങളിയിരുന്നു അത്. പ്രസിഡന്റ് നിക്‌സണും കിസിഞ്ജറും അന്ന് ഒരേപോലെ വെറുത്ത ഒരു രാജ്യവും ഒരു രാഷ്ട്രനേതാവുമുണ്ടായിരുന്നു--ഇന്ത്യയും ഇന്ദിരാ ഗാന്ധിയും. അന്നവര്‍ കൂടുതല്‍ അടുത്തത് ജനറല്‍ യാഹ്യാ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാനോടായിരുന്നു. പക്ഷെ, ബംഗ്ലാദേശ് മോചന യുദ്ധം വിജയിച്ച് അവരെ ഇരുവരെയും ഇന്ദിരാ ഗാന്ധി തോല്‍പിച്ചു. കാലചക്രം കറങ്ങി ഇന്ന് ഇന്ത്യ അമേരിക്കയുടെ ഉറ്റബന്ധുവുമായിരിക്കുന്നു.

Other News