പുതിയ സുരക്ഷ നിയമം: ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള മരണമണി -മൈക്ക് പോംപിയോ


MAY 23, 2020, 1:02 AM IST

വാഷിങ്ടണ്‍: ഹോങ്കോങ്ങില്‍ പുതിയ സുരക്ഷ നിയമം നടപ്പാക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ അപലപിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയുടെ പുതിയ നിയമ നീക്കം ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള മരണമണിയാണ്. നഗത്തിന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പോംപിയോ പ്രസ്താവനയില്‍ പറഞ്ഞു. 

ജനങ്ങളുടെ താല്‍പര്യത്തെ മറന്നുകൊണ്ടാണ് ചൈനയുടെ നടപടി. ഇക്കാര്യത്തില്‍ ചൈന പുനര്‍വിചിന്തനം ചെയ്യണമെന്ന് യു.എസ് ശക്തമായി ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര ബാധ്യതകള്‍ പാലിക്കുന്നതിനൊപ്പം ഹോങ്കോങ്ങിന്റെ സ്വയംഭരണ അവകാശം, ജനാധിപത്യ സ്ഥാപനങ്ങള്‍, പൗരസ്വാതന്ത്ര്യം എന്നിവയെ മാനിക്കണമെന്നും പോംപിയോ പ്രസ്താവനയില്‍ പറഞ്ഞു. 

നേരത്തെ, ചൈനയുടെ നീക്കത്തിനെതിരായ ഹോങ്കോങ് പ്രക്ഷോഭത്തെ യു.എസ് പിന്തുണച്ചിരുന്നു. ഹോങ്കോങ്ങിലെ ജനങ്ങളുടെ മനുഷ്യാവകാശം ലംഘിക്കുന്നതിനെതിരെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയമം പാസാക്കിയിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമാണ് ഹോങ്കോങ്. ചൈനയുമായി വ്യാപാരയുദ്ധത്തില്‍ ഏര്‍പ്പെടുന്ന അമേരിക്കക്ക് ഹോങ്കോങ് ഏറെ പ്രധാനമാണ്. അതിനാല്‍ തന്നെ, ഹോങ്കോങ്ങുമായുള്ള സ്വതന്ത്ര വ്യാപാരബന്ധം ഇല്ലാതാകുന്ന ഒരു നടപടിയും അമേരിക്ക അനുവദിക്കില്ല.  

Other News