ട്രംപിനെ നീക്കാന്‍ പെന്‍സിനോട് ആവശ്യപ്പെടുന്ന ബില്‍ കോണ്‍ഗ്രസ് പാസാക്കി


JANUARY 13, 2021, 10:47 AM IST

വാഷിംഗ്ടണ്‍: കഴിഞ്ഞയാഴ്ച കാപ്പിറ്റോളിനെതിരായ മാരകമായ ആള്‍ക്കൂട്ട ആക്രമണത്തിലുള്ള പങ്കിന് മറുപടിയായി പ്രസിഡന്റ് ട്രംപിനെ സ്ഥാനത്തു നിന്ന് നീക്കാനുള്ള ഭരണഘടനാപരമായ അധികാരം ഉപയോഗിക്കണമെന്ന് വൈസ് പ്രസിഡന്റ് മൈക് പെന്‍സിനോട് ആവശ്യപ്പെടുന്ന നിയമം ചൊവ്വാഴ്ച കോണ്‍ഗ്രസ് പാസാക്കി.

ഭരണഘടനാ ചുമതലകള്‍ നിര്‍വഹിക്കിന്നതില്‍ പാരജയമെന്ന് തെളിയിച്ച പ്രസിഡന്റിനെ ഭരണഘടനയുടെ 25 ആം ഭേദഗതിയുടെ അധികാരം ഉപയോഗിച്ച് പുറത്താക്കാന്‍ വൈസ് പ്രസിഡന്റിനെ അനുവദിക്കുന്ന നിയമം നടപ്പാക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയ അവതരണം ഡെമോക്രാറ്റ് പ്രതിനിധകള്‍ക്കൊപ്പം മെരിലാന്‍ഡിന്‍ നിന്നുള്ള ഡെമോക്രാറ്റ് പ്രതിനിധിയും ഭരണഘടന നിയമ പണ്ഡിതനുമായ ജാമി രസ്‌കിന്‍  ആണ് നയിച്ചത്.

'നടന്നത് തീര്‍ത്തും അസഹനീയവും അസ്വീകാര്യവുമാണ്' എന്ന സന്ദേശം കോണ്‍ഗ്രസ് അയയ്‌ക്കേണ്ടത് അനിവാര്യമാണ്. ഇത് പ്രസിഡന്റിന്റെ കടമയുടെ പൂര്‍ണമായ വീഴ്ചയാണെന്ന് വ്യക്തമാക്കേണ്ടത് ഇപ്പോള്‍നമ്മള്‍ക്ക് നിര്‍ണായകമാണ്,'' റാസ്‌കിന്‍ പറഞ്ഞു.

ബില്‍ 223-205 എന്ന വോട്ടിംഗിലാണ് പാസാക്കിയത്.

റിപ്പബ്ലിക്കന്‍ നിയമനിര്‍മ്മാതാവ്, ആദം കിന്‍സിംഗര്‍ വോട്ടിംഗില്‍ ഡെമോക്രാറ്റുകളോടൊപ്പം ചേര്‍ന്നു.

അതേസമയം മിക്ക റിപ്പബ്ലിക്കന്‍മാരും ഈ ശ്രമത്തെ എതിര്‍ത്തു. ട്രംപിന്റെ നടപടികള്‍ നിരുപദ്രവകരമാണെന്ന് ചിലര്‍ വാദിച്ചു. മറ്റുള്ളവര്‍ പ്രസിഡന്റിന്റെ പെരുമാറ്റത്തെ അപലപിച്ചു, പക്ഷേ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അദ്ദേഹത്തെ നീക്കം ചെയ്യുന്നതിനെതിരെയും ചിലര്‍ വാദിച്ചു.

25 ഭേദഗതി പ്രകാരം പ്രസിഡന്റിനെ നീക്കം ചെയ്യാനുള്ള തീരുമാനം കോണ്‍ഗ്രസിന്റെ അധികാരങ്ങള്‍ക്ക് പുറത്താണെന്ന് റൂള്‍സ് കമ്മിറ്റിയിലെ മുതിര്‍ന്ന റിപ്പബ്ലിക്കന്‍ പ്രതിനിധി ടോം കോള്‍ (ഒക്ലഹോമ.) പറഞ്ഞു.

''ആ ചുമതലകള്‍ നിറവേറ്റാനുള്ള അദ്ദേഹത്തിന്റെ കഴിവിനെച്ചൊല്ലി പ്രസിഡന്റും വൈസ് പ്രസിഡന്റും മന്ത്രിസഭയും തമ്മിലുള്ള തര്‍ക്കത്തില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ല,'' അദ്ദേഹം പറഞ്ഞു.

അതേസമയം ട്രംപിന്റെ വിശ്വസ്തനായ പെന്‍സ് ചൊവ്വാഴ്ച വോട്ടെടുപ്പിന് മുമ്പ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിക്ക്  ഒരു കത്ത് അയച്ചിരുന്നു. ട്രംപിനെ നീക്കാനുള്ള ഭരണഘടനാ അവകാശം വിനിയോഗിക്കില്ല എന്നാണ് പെന്‍സ് കത്തില്‍ വ്യക്തമാക്കിയത്. രാജ്യം ഒരു കലാപത്തിലുണ്ടായ പരിക്ക് സുഖപ്പെടുത്താനുള്ള നടപടികളാണ് വേണ്ടതെന്നും വീണ്ടും അസ്വസ്ഥത ഉണ്ടാക്കുന്നത് ശരിയല്ലെന്നും പെന്‍സ് കത്തില്‍ വ്യക്തമാക്കി.

പക്ഷേ, പ്രമേയം റിപ്പബ്ലിക്കന്‍ നേതാക്കളെ അസ്വസ്ഥതയിലാക്കി. കാപ്പിറ്റോളിനെതിരായ മാരകമായ ആക്രമണത്തില്‍ പ്രസിഡന്റിന്റെ പങ്ക് സംബന്ധിച്ച് കൂടുതല്‍ ജിഒപി നിയമനിര്‍മ്മാതാക്കള്‍ പ്രസിഡന്റിനെ അപലപിച്ചു.

Other News