തെരഞ്ഞെടുപ്പിൽ ട്രംപിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടിയെന്ന് സർവ്വേ റിപ്പോർട്ട് 


SEPTEMBER 7, 2019, 12:55 AM IST

വാഷിംഗ്‌ടൺ:അടുത്ത അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെതിരെ ജനവികാരം ശക്തമാണെന്ന് അഭിപ്രായ സർവ്വേ റിപ്പോർട്ട്. അമേരിക്കയിലെ ആകെ വോട്ടർമാരിൽ 52 ശതമാനം പേരും നിലവിലെ പ്രസിഡന്റ് ട്രംപിന് എതിരെ വോട്ട് ചെയ്യുമെന്നാണ് റസ്‌മുസ്സെൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ടെലഫോണിലൂടെയും ഓൺലൈനായും നടത്തിയ സർവ്വേയിൽ 42 ശതമാനം പേരാണ് ഡോണൾഡ്‌ ട്രംപിന് തന്നെ വോട്ട് ചെയ്യുമെന്ന് അറിയിച്ചത്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് തന്നെ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അമേരിക്കയിൽ ആറ് ശതമാനത്തോളം പേർ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തിട്ടില്ലെന്നും സർവ്വേ വ്യക്തമാക്കുന്നു.ട്രംപിനെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയവരിൽ 58 ശതമാനം പേരും മറ്റേത് സ്ഥാനാർത്ഥി എതിർപക്ഷത്ത് വന്നാലും തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് പറയുന്നത്.

റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികളിൽ 75 ശതമാനം പേരും ട്രംപിന് അനുകൂലമായി വോട്ട് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇവരിൽ 21 ശതമാനം പേർ ഇദ്ദേഹത്തിന് എതിരാണെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.