ഫ്‌ളോറിഡയിലുടനീളം നാശം വിതച്ച് ഇയന്‍ ചുഴലിക്കാറ്റ്.


SEPTEMBER 30, 2022, 6:11 AM IST

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലുടനീളം നാശം വിതച്ച് ഇയന്‍ ചുഴലിക്കാറ്റ്. പല പ്രദേശങ്ങളിലും വെള്ളപ്പൊക്ക കെടുതി രൂക്ഷമാണ്. ഫ്ളോറിഡയില്‍ ഇതുവരെ 15 പേര്‍ പ്രകൃതി ക്ഷോഭം മൂലമുണ്ടായ അപകടങ്ങളില്‍ മരണപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യതയെന്ന് ഭരണകൂടം വ്യക്തമാക്കുന്നു.

വൈദ്യുതി ലൈനുകള്‍ പലയിടങ്ങളിലും പൊട്ടിവീണു. വൈദ്യുതി വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ തടസ്സപ്പെട്ടു. പലയിടങ്ങളിലും ഗതാഗതം താറുമാറായി. ഇയാന്‍ ചുഴലിക്കാറ്റ് സൗത്ത് കരോലിനയിലേക്ക് നീങ്ങുന്നതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്

യുഎസില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ കൊടുങ്കാറ്റുകളിലൊന്നായാണ് ഇയന്‍ ചുഴലിക്കാറ്റിനെ കണക്കാക്കുന്നത്. പ്രസിഡന്റ് ജോ ബൈഡന്‍ ഫ്ളോറിഡോയെ മഹാദുരന്ത പ്രദേശമായി പ്രഖ്യാപിച്ചു. നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന പ്രദേശമാണ് ഫ്ളോറിഡ.

മണിക്കൂറില്‍ 150 മൈല്‍ (മണിക്കൂറില്‍ 241 കി.മീ) വേഗതയിലാണ് ഇയാന്‍ വീശിയടിച്ചത്. ഫ്ലോറിഡയിലെ ബാരിയര്‍ ദ്വീപായ കായോ കോസ്റ്റയിലാണ് ആദ്യം വ്യാപക നാശം വിതച്ച് കാറ്റ് വീശിയത്.

ജോര്‍ജിയ, സൗത്ത് കരോലിന, നോര്‍ത്ത് കരോലിന എന്നിവിടങ്ങളില്‍ ഇയാന്‍ ദുരിതം വിതച്ചു. ഇയാന്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ സൗത്ത് കരോലിനയിലെ ചാള്‍സ്റ്റണ്‍ കൗണ്ടിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 400,000-ത്തിലധികം ആളുകള്‍ താമസിക്കുന്ന കൗണ്ടിയിലെ ഉദ്യോഗസ്ഥര്‍, വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരോട് ഉയര്‍ന്ന സ്ഥലത്തേക്ക് മാറാന്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ ബസുകള്‍ ആളുകളെ പ്രാദേശിക എമര്‍ജന്‍സി ഷെല്‍ട്ടറുകളിലേക്ക് മാറ്റി വരുന്നു.

Other News