ഇസ്‌ലാമോഫോബിയയും വംശീയതയും ആയുധമാക്കി മകാര്‍തി നിരന്തരം ആക്രമിക്കുന്നെന്ന് ഇല്‍ഹാന്‍ ഒമര്‍


NOVEMBER 23, 2022, 5:14 PM IST

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡെമോക്രാറ്റിക് പ്രതിനിധി ഇല്‍ഹാന്‍ അബ്ദുല്ലാഹി ഒമര്‍. ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയില്‍ നിന്നും തന്നെ പുറത്താക്കുമെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഹൗസ് മൈനോരിറ്റി വിഭാഗം നേതാവ് കെവിന്‍ മകാര്‍തിയുടെ ഭീഷണിക്ക് മറുപടിയായാണ് യു എസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമര്‍ പറഞ്ഞത്. 

ഇസ്‌ലാമോഫോബിയയും വംശീയതയും ആയുധമാക്കി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും മകാര്‍തിയും തന്നെ നിരന്തരം ആക്രമിക്കുകയാണെന്നും ഒമര്‍ ആരോപിച്ചു. 

ഒമറനെ വിദേശകാര്യ സമിതിയില്‍ നിന്ന് പുറത്താക്കുമെന്ന് കഴിഞ്ഞയാഴ്ച കെവിന്‍ മകാര്‍തി നിരവധി തവണ പ്രഖ്യാപിച്ചിരുന്നു. ഇല്‍ഹാന്‍ ഒമര്‍ വിരോധാഭാസമായ അഭിപ്രായങ്ങള്‍ നടത്തുന്നെന്നാണ് മകാര്‍തി ആരോപിക്കുന്നത്. 

താന്‍ ഹൗസ് ഫ്‌ളോറില്‍ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട നിമിഷം മുതല്‍ ഭയം, വൈദേശിക വിദ്വേഷം, ഇസ്‌ലാമോഫോബിയ, വംശീയത എന്നിവ ഉപയോഗിച്ച് ലക്ഷ്യം വെക്കുകയാണെന്നും ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ച് പ്രചരണ പരസ്യങ്ങള്‍ നടത്തുന്നതും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവരുടെ ദൗത്യമാക്കി മാറ്റിയിരിക്കുകയാണെന്ന് ഇല്‍ഹാന്‍ അബ്ദുല്ലാഹി ഒമര്‍ പറഞ്ഞു.

വിദ്വേഷത്തിലൂടെ തന്നെ ഒറ്റപ്പെടുത്താനും പുറത്താക്കാനും മകാര്‍തി തുടര്‍ച്ചയായി നടത്തുന്ന ശ്രമങ്ങള്‍ നിയമനിര്‍മാതാക്കള്‍ കൈകാര്യം ചെയ്യുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ സഹായകമാകുന്നില്ലെന്നും ഒമര്‍ പറഞ്ഞു. വിലക്കയറ്റത്തെയോ പണപ്പെരുപ്പത്തെയോ ആരോഗ്യ സുരക്ഷയെയോ കാലാവസ്ഥാ പ്രശ്‌നങ്ങളെയോ അഭിമുഖീകരിക്കാനോ പരിഹരിക്കാനോ ഈ നീക്കം സഹായം ചെയ്യില്ലെന്നും ഒമര്‍ പുറത്തവിട്ട പ്രസ്താവനയില്‍ പറയുന്നു. 

യു എസ് കോണ്‍ഗ്രസിലെ മിനിസോട്ടയില്‍ നിന്നും 2019 മുതല്‍ ജനപ്രതിനിധിയാണ് ഡെമോക്രാറ്റിക്- ഫാര്‍മര്‍- ലേബര്‍ പാര്‍ട്ടി അംഗമായ ഇല്‍ഹാന്‍ ഒമര്‍. അന്താരാഷ്ട്ര തലത്തില്‍ ഇസ്‌ലാമോഫോബിയ തടയുന്നതിനുള്ള ബില്‍ 2021 ഡിസംബറില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചത് ഇല്‍ഹാന്‍ ഒമറായിരുന്നു. സോമാലിയയില്‍ ജനിച്ച ഒമര്‍ പിന്നീട് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ഇസ്രായേലിന്റെ കടുത്ത വിമര്‍ശകയായതിനാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പുറമേ സ്വന്തം പാര്‍ട്ടിയായ ഡെമോക്രാറ്റുകളില്‍ നിന്നും ഇവര്‍ക്ക് വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്.

Other News