ഇല്ലിനോയ് സംസ്ഥാനത്തെ പബ്ലിക് സ്‌കൂള്‍ കുറഞ്ഞ ശമ്പളം 40000 ഡോളര്‍:  ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു


AUGUST 23, 2019, 2:27 PM IST

സ്പ്രിംഗ്ഫീല്‍ഡ്(ഇല്ലിനോയ്):  ഇല്ലിനോയ് പബ്ലിക് സ്‌കൂളിലെ അധ്യാപകരുടെ ശമ്പള വര്‍ധവിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ഫലം കണ്ടു. സംസ്ഥാനത്തെ പബ്ലിക് സ്‌കൂളിലെ കുറഞ്ഞ ശമ്പളം 40000 ഡോളറായി ഉയര്‍ത്തിക്കൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ജെ ബി പ്രിറ്റസ്‌ക്കര്‍ വ്യാഴാഴ്ച ഒപ്പുവെച്ചു.

ശമ്പള വര്‍ധനവിനായി പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരമാര്‍ഗ്ഗങ്ങള്‍ അധ്യാപകര്‍ സ്വീകരിച്ചതിനു പിന്നാലെയാണ് നടപടി. പതിറ്റാണ്ടുകളായി ശമ്പള വര്‍ധനവ് മുടങ്ങിക്കിടക്കുകയായിരുന്നു.അധ്യാപകരെ ഞങ്ങള്‍ വിലമതിക്കുന്നു എന്നുള്ള സന്ദേശമാണ് ഈ ഒപ്പ് വെക്കലിലൂടെ തെളിയിച്ചിരിക്കുന്നതെന്ന് ബില്ലില്‍ ഒപ്പുവെച്ചുകൊണ്ട് ഗവര്‍ണര്‍ വ്യക്തമാക്കി.

ഡെമോക്രാറ്റിക് പ്രതിനിധി കാത്തി സ്റ്റുവര്‍ട്ടാണ്  പബ്ലിക്ക് സ്‌കൂളുകളിലെ അദ്ധ്യാപകരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെടുന്ന ബില്‍ പ്രതിനിധി സഭയുടെ അംഗീകാരത്തിനായി അവതരിപ്പിച്ചത്. ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം ഘട്ടം ഘട്ടമായിട്ടാണ് ശമ്പളപരിഷ്‌ക്കരണം നടപ്പാക്കുക.

ശമ്പളം 2020-21 കാലഘട്ടത്തില്‍ 32076 ഉം, 2021-22 ല്‍ 34576 ഉം, 2022-23 ല്‍ 37076 ഉം, 2023-24 ല്‍ 40000 ഡോളറുമെന്ന നിലയിലാണ് വര്‍ധന നടപ്പാക്കുക. പുതിയ വേതന വര്‍ധന നടപ്പില്‍ വരുത്തുവാന്‍ 500 മില്യണ്‍ ഡോളര്‍ അധികമായി വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

അതേ സമയം  ശമ്പള വര്‍ധന പ്രോപ്പര്‍ട്ടി ടാക്സ് വര്‍ധിപ്പിക്കുമോ എന്ന ആശങ്ക അധ്യാപകര്‍ക്കിടയിലുണ്ട്. അമേരിക്കയിലെ പ്രോപ്പര്‍ട്ടി ടാക്സ് ഏറ്റവും കൂടുതലുള്ളത് ന്യൂജേഴ്സിയിലാണ്. തൊട്ടടുത്തത് ചിക്കാഗോയിലും. നിരവധി അദ്ധ്യാപകരുടെ തസ്തികകളാണ് ഇവിടെ ഒഴിഞ്ഞു കിടക്കുന്നത്.

Other News