വാഷിംഗ്ടണ്‍: 2024 പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമിട്ട് മുന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ന്യു ഹാംപ്‌സ്പിയര്‍, സൗത്ത് കരോലിന എന്നിവിടങ്ങളിലാണ് ട്രംപ് പ്രചാരണം ആരംഭിച്ചത്. അമേരിക്കയെ ഒന്നാമതെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് നമുക്ക് വീണ്ടും തുടക്കമിടാമെന്ന് ട്രംപ് പറഞ്ഞു. സൗത്ത് കരോലിനയിലെ പ്രചാരണ വിഭാഗത്തെ അവതരിപ്പിച്ച് നടത്തിയ പ്രസംഗത്തിലാണ് ട്രംപിന്റെ പരാമര്‍ശം. ബൈഡന്‍ അമേരിക്കയെ നാശത്തിന്റെയും തകര്‍ച്ചയുടെയും അതിവേഗ പാതയിലാക്കിയെന്നും ഇനി നാല് വര്‍ഷം കൂടി ബൈഡന് ലഭിക്കില്ലെന്ന് ഉറപ്പാക്കുമെന്നും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അമേരിക്കയെ മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലെത്തിച്ചെന്നും ട്രംപ് കുറ്റപ്പെടുത്തി.
റഷ്യ-യുക്രെയിന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമര്‍ശം. ' ദുര്‍ബലമായ സമീപനത്തിലൂടെയും സാമര്‍ത്ഥ്യമില്ലായ്മയിലൂടെയും ജോ ബൈഡന്‍ നമ്മെ മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലെത്തിച്ചു. താന്‍ പ്രസിഡന്റായാല്‍ ശക്തിയിലൂടെ സമാധാനത്തെ വീണ്ടെടുക്കും. 24 മണിക്കൂറിനുള്ളില്‍ സമാധാന കരാറുണ്ടാക്കാന്‍ തനിക്കാകും' ട്രംപ് പറഞ്ഞു.
തന്റെ പ്രചാരണം മന്ദഗതിയിലാണെന്ന വിമര്‍ശനങ്ങളും ട്രംപ് തള്ളി.
അവര്‍ പറയുന്നു ഞാന്‍ റാലി നടത്തുന്നില്ല, പ്രചാരണത്തിനിറങ്ങുന്നില്ല എന്നെല്ലാം. ചിലപ്പോള്‍ എനിക്ക് ചുവടുപിഴച്ചുവെന്നും പറയുന്നു. പക്ഷേ ഞാന്‍ ഇപ്പോള്‍ കൂടുതല്‍ ദേഷ്യത്തിലാണ്. മുമ്പത്തെക്കാളും ഉത്തരവാദിത്തം എനിക്കുണ്ട്. നമ്മള്‍ വന്‍ റാലികള്‍ നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
നേരത്തെ തന്റെ പ്രചാരണത്തിനായി ജീവനക്കാരെ തെരഞ്ഞെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ട്രംപ് തുടക്കം കുറിച്ചിരുന്നു. കുടിയേറ്റം അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന കുറ്റകൃത്യങ്ങള്‍ എന്നിവക്കാണ് ട്രംപ് പ്രചാരണത്തില്‍ ഊന്നല്‍ കൊടുക്കുന്നത്. പ്രസിഡന്റ് ജോ ബൈഡന്റെ നയങ്ങള്‍ക്കെതിരെയും അദ്ദേഹം ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ത്തുന്നത്. ഊര്‍ജ്ജ പ്രതിസന്ധിയടക്കമുള്ള വിഷയങ്ങള്‍ക്കും ട്രംപ് ഊന്നല്‍ നല്‍കുന്നുണ്ട്