മക്കാര്‍ത്തിയെയും മറ്റ് റിപ്പബ്ലിക്കന്‍മാരെയും ജനുവരി 6 അന്വേഷണ സമിതി വിളിച്ചുവരുത്തും


MAY 13, 2022, 9:25 AM IST

വാഷിംഗ്ടണ്‍:  ജനുവരി 6 ന് ക്യാപിറ്റലിനു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഹൗസ് സെലക്ട് കമ്മിറ്റി ജിഒപി നേതാവ് കെവിന്‍ മക്കാര്‍ത്തി ഉള്‍പ്പെടെ അഞ്ച് ഹൗസ് റിപ്പബ്ലിക്കന്‍മാര്‍ക്ക് സബ്പോണകള്‍ അയച്ചു. ജിഒപി നേതാക്കള്‍ക്കെതിരെ ഹൗസ് കമ്മിറ്റി കൈക്കൊണ്ട അഭൂതപൂര്‍വമായ നീക്കമാണിത്.

നേരത്തെ അഞ്ചുപേരോടും മുമ്പ് സ്വമേധയാ ഹാജരാകാന്‍ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അപ്പോള്‍ തന്നെ ആവശ്യം നിരസിക്കുകയാണുണ്ടായത്.

മക്കാര്‍ത്തിയെ കൂടാതെ, ഒഹായോയിലെ ജിം ജോര്‍ദാന്‍, പെന്‍സില്‍വാനിയയിലെ സ്‌കോട്ടി പെറി, അരിസോണയിലെ ആന്‍ഡി ബിഗ്സ്, അലബാമയിലെ മോ ബ്രൂക്സ് എന്നിവര്‍ക്കാണ് പാനല്‍ സമന്‍സ് അയച്ചത്.

എന്നാല്‍ സ്വമേധയാ സാക്ഷ്യപ്പെടുത്താന്‍ വിസമ്മതിച്ച ടെക്സാസിലെ ജനപ്രതിനിധി റോണി ജാക്സണിന് വേണ്ടി കമ്മിറ്റി ഒരു സബ്പോണയും നല്‍കിയില്ല. ജനുവരി 6 ന് കലാപവുമായിബന്ധപ്പെട്ട് തീവ്രവാദ ഗ്രൂപ്പുകള്‍ അയച്ചതായി പറയുന്ന ഡോക്യുമെന്റഡ് ടെക്സ്റ്റുമായി തനിക്ക് ബന്ധമില്ലെന്ന് റോണി പറഞ്ഞു.

''ഖേദകരമെന്നു പറയട്ടെ, ഇന്ന് സബ്പോണകള്‍ സ്വീകരിക്കുന്ന വ്യക്തികള്‍ സ്വമേധയാ ഹാജരാകാന്‍ നിരസിച്ചിരുന്നു, ജനുവരി 6 ന് ബന്ധപ്പെട്ട വസ്തുതകള്‍ കമ്മിറ്റി വെളിപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ഈ നടപടി സ്വീകരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നു,'' പാനല്‍ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 'ഞങ്ങളുടെ സഹപ്രവര്‍ത്തകരോട് നിയമം അനുസരിക്കാനും അവരുടെ ദേശസ്‌നേഹ കടമ നിര്‍വഹിക്കാനും മറ്റ് നൂറുകണക്കിന് സാക്ഷികള്‍ ചെയ്തതുപോലെ ഞങ്ങളുടെ അന്വേഷണവുമായി സഹകരിക്കാനും അഭ്യര്‍ത്ഥിക്കുന്നുവെന്നും സമിതി അറിയിച്ചു.

കോണ്‍ഗ്രസ് അംഗങ്ങള്‍ക്കായി ഒരു കോണ്‍ഗ്രസ് കമ്മിറ്റി സബ്പോണകള്‍ നല്‍കിയ ചരിത്രമില്ല. അന്വേഷണത്തെയും സമിതിയെയും എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന  ഹൗസ് റിപ്പബ്ലിക്കന്‍മാര്‍ തമ്മിലുള്ള ഭിന്നത ഇപ്പോള്‍ ഈ നീക്കത്തോടെ ശക്തിയാര്‍ജ്ജിച്ചു.

അംഗങ്ങള്‍ക്കായി സബ്‌പോണകള്‍ നല്‍കണമോ എന്ന തീരുമാനം എടുക്കുന്നതിനായി മാസങ്ങളോളം  പാനലിലെ അംഗങ്ങള്‍ ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. അത്തരമൊരു മാതൃക സ്ഥാപിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്ന് സൂചന നല്‍കുകയും ചെയ്തിരുന്നു. ഈ നടപടി അവര്‍ക്ക് ഒരു ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ചും അടുത്ത വര്‍ഷം ഹൗസ് റിപ്പബ്ലിക്കന്‍ കൈകളിലേക്ക് മാറുകയും പ്രസിഡന്റ് ബൈഡന്റെ ഭരണത്തിനും മറ്റ് ഡെമോക്രാറ്റുകള്‍ക്കും എതിരെ അവര്‍ സ്വന്തം അന്വേഷണങ്ങള്‍ നടത്തി പകരം വീട്ടുകയും ചെയ്യുമെന്ന ആശങ്കയാണുള്ളത്. 

Other News