ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി  നഴ്‌സസ് ദിനാഘോഷം നടത്തി


MAY 12, 2022, 8:28 AM IST

ഇല്ലിനോയി:  ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി , ഐ എന്‍ എ ഐ  2022 ലെ നഴ്‌സസ് ദിനാഘോഷം നടത്തി. , ഷിക്കാഗോയിലെ  സീറോ മലബാര്‍ ചര്‍ച്ച ഓഡിറ്റോറിയത്തില്‍ വ്യത്യസ്ത പരിപാടികളോടെയായിരുന്നു ആഘോഷം. പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ഈ വര്‍ഷത്തെ നഴ്‌സസ് ഡേ വേറിട്ട ഒരനുഭവമായിരുന്നു.

അലോന ജോര്‍ജ് ആലപിച്ച അമേരിക്കന്‍ ദേശീയ ഗാനത്തിന് ശേഷം ക്ലെമന്റ് ഫിലിപ്പ് അവതരിപ്പിച്ച പ്രാര്‍ത്ഥനാഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കമായി. എക്‌സിക്യൂട്ടീവ് വി.പി. ഡോ. സിമി ജെസ്റ്റോ തന്റെ സ്വാഗത പ്രസംഗത്തില്‍ മഹാമാരിയുടെ രണ്ടു വര്‍ഷം ചുറ്റുമുള്ളതൊന്നും തങ്ങളുടെ ദൃഢനിശ്ചയത്തെ ബാധിക്കാതെ സേവനവും പഠനവും ഒരുമിച്ചു കൊണ്ടുപോയ നഴ്‌സുമാരെ അഭിനന്ദിച്ചു. മഹാമാരിയില്‍ ജീവന്‍ നഷ്ടപെട്ട നഴ്‌സുമാരെ അനുസ്മരിച്ചും  തങ്ങള്‍ക്കു മുന്നേ എത്തിച്ചേര്‍ന്നു തങ്ങള്‍ക്കു പാതയൊരുക്കിയ മുതിര്‍ന്ന അംഗങ്ങളുടെ ത്യാഗോജ്വലമായ ജീവിതത്തിനു നന്ദി പറഞ്ഞും തന്റെ പ്രസംഗം ആരംഭിച്ച, ഐ എന്‍ എ ഐ പ്രസിഡണ്ട്  ഷിജി അലക്‌സ് നഴ്‌സുമാര്‍ ഇന്ന് നേരിടുന്ന വെല്ലുവിളികളെ പറ്റിയും സംസാരിച്ചു. അമേരിക്കയിലെ തൊഴില്‍ സാഹചര്യങ്ങള്‍ നഴ്‌സുമാരുടെ വളര്‍ച്ചക്ക് അനുയോജ്യമാണെന്നും അതിനാവശ്യമായ എന്ത് സഹായത്തിനും  ഐ എന്‍ എ ഐ കൂടെയുണ്ടായിരിക്കും എന്നുറപ്പു നല്‍കി. 8000  ഡോളേഴ്‌സിന്റെ നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പിലേക്കുള്ള റാഫിള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

അസെന്‍ഷന്‍ ഹെല്‍ത്ത് പോസ്റ്റ് അക്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യോലാണ്ട വില്‍സണ്‍ സ്റ്റബ്ബ്‌സ് നഴ്‌സസ് ദിന സന്ദേശം നല്‍കി. നഴ്‌സിംഗ് ഒരു നിയോഗമാണെന്നും ആ നിയോഗത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഓരോരുത്തരും അനുഗ്രഹീതരാണെന്നും, എക്‌സിക്യൂട്ടീവ് പൊസിഷന്‍സിലേക്കു കടന്നു വരാന്‍ നഴ്‌സസിനെ ആഹ്വാനം ചെയ്തു കൊണ്ട് അവര്‍ പറഞ്ഞു. തുടര്‍ന്ന് വിവിധ വിഭാഗങ്ങളില്‍ കൈവരിച്ച മുന്നേറ്റം കണക്കിലെടുത്തു അവാര്‍ഡ് വിതരണം നടന്നു. ലീഡര്‍ഷിപ് , ക്ലിനിക്കല്‍ എക്‌സല്ലന്‍സ്, നഴ്‌സിംഗ് സ്റ്റുഡന്റ്, എ പി എന്‍ , വിഭാഗങ്ങളില്‍ ബീന വള്ളിക്കളം, മരിയ തോമസ് , ബിന്ദു സജി, എമിലി സന്തോഷ്, സാറ അനില്‍, സൂസന്‍ ചാക്കോ എന്നിവര്‍ അവാര്‍ഡിനര്‍ഹരായി.  തുടര്‍ന്ന് പുതിയതായി ലൈസന്‍സ് ലഭിച്ചവരെയും , പി എച്ച് ഡി , മാസ്റ്റേഴ്‌സ് , ഡോക്ടറ്റ് , സെര്‍റ്റിഫിക്കേഷന്‍സ് , നേടിയവരെയും സെര്‍ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു.

തുടര്‍ന്ന് കള്‍ച്ചറല്‍   പ്രോഗ്രാം നടന്നു. സെക്രട്ടറി റെജീന ഫ്രാന്‍സിസ് നന്ദി പറഞ്ഞു. ചാരി ചാക്കോ ആയിരുന്നു മീറ്റിംഗിന്റെ എം സി. പരിപാടിയുടെ മുഴുവന്‍ ചുമതലയും മേല്‍നോട്ടവും വഹിച്ചത് വിന്‍സി ചാക്കോ കണ്‍വീനര്‍ ആയ കമ്മിറ്റി ആയിരുന്നു. വി.പി ബിനോയ് ജോര്‍ജ്, വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കുന്ന  റാണി കാപ്പന്‍, റീന ആഷ്‌ലി, ജസീന വെളിയത്തുമാലില്‍, ക്രിസ്‌റോസ് വടകര , ലൈജു പൗലോസ്, മിഥുന്‍ ജോയ് എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍  INAI  അംഗങ്ങള്‍ അവതരിപ്പിച്ച ഗാനങ്ങളും  നൃത്ത  പരിപാടികളും ഉണ്ടായിരുന്നു. ഏഷ്യാനെറ്റിനെ പ്രതിനിധീകരിച്ചു അനില്‍ മാറ്റത്തികുന്നേല്‍ പങ്കെടുത്തു. ചിത്രങ്ങളെടുത്തു  സഹായിച്ചത് മോനു  വര്‍ഗീസ് ആണ്.

Other News