കോവിഡിനെ ഇല്ലാതാക്കാന്‍ ഇന്ത്യ-അമേരിക്ക ശാസ്ത്ര സഹകരണത്തിനു കഴിയുമെന്ന് യു.എസ്


APRIL 2, 2020, 9:34 AM IST

വാഷിങ്ടണ്‍: ആഗോളതലത്തില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന കോവിഡ് മഹാമാരിയെ ഇല്ലാതാക്കാന്‍ ഇന്ത്യ-അമേരിക്ക ശാസ്ത്ര സഹകരണത്തിലൂടെ സാധിക്കുമെന്ന് യു.എസ്. ഇക്കാര്യം ഇന്ത്യയുമായി ചര്‍ച്ച ചെയ്ത യു.എസ് ആഗോള മരുന്ന് നിര്‍മാണ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയും സൂചിപ്പിച്ചു. കോവിഡ് പ്രതിരോധ മരുന്ന് ഗവേഷണത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിച്ചേക്കുമെന്നാണ് സൂചനകള്‍.  

കോവിഡ് വൈറസിനെ നേരിടുന്നതില്‍ ഇന്ത്യ-അമേരിക്ക സഹകരണം ഗുണം ചെയ്യുമെന്നാണ് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ അഭിപ്രായം. ഇക്കാര്യം കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നത് ഉള്‍പ്പെടെ കാര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായാണ് സൂചന. ആഗോള മരുന്ന് നിര്‍മാണ മേഖല ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. 

മൈക്ക് പോംപിയോക്കും പിന്നാലെ യു.എസ് ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലീസ് വെല്‍സും സമാന അഭിപ്രായം ട്വിറ്ററില്‍ രേഖപ്പെടുത്തിയിരുന്നു. ഇന്ത്യ-അമേരിക്ക സഹകരണത്തോടെയുള്ള ശാസ്ത്ര മുന്നേറ്റത്തിലൂടെ കോവിഡിനെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നായിരുന്നു ആലീസ് വെല്‍സ് അഭിപ്രായപ്പെട്ടത്. റോട്ട വൈറസ് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മികച്ച ഉദാഹരണമാണ്. ഇതുവഴി പ്രതിവര്‍ഷം ഇന്ത്യയിലെ 80,000 കുട്ടികളെ രക്ഷിക്കാന്‍ സാധിക്കുന്നതായും ചൂണ്ടിക്കാട്ടിയായിരുന്നു ആലീസ് വെല്‍സ് അഭിപ്രായം പങ്കുവെച്ചത്. ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ കോവിഡിനെതിരെ വാക്‌സിനും മരുന്നും കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

Other News