മകളുടെ ജന്മദിനത്തിൽ ഇന്ത്യൻ വംശജനായ പെട്രോൾ പമ്പ് ഉടമ ജോർജിയയിൽ വെടിയേറ്റു മരിച്ചു


DECEMBER 7, 2021, 2:52 PM IST

കൊളംബസ് (ജോർജിയ):  മകളുടെ ജന്മദിനത്തിൽ ഇന്ത്യൻ വംശജനായ പെട്രോൾ പമ്പ് ഉടമ പിടിച്ചുപറി ശ്രമത്തിനിടെ വെടിയേറ്റു മരിച്ചു.

ജോർജിയയിലെ കൊളംബസിലെ പോലീസ് സ്റ്റേഷൻ കൂടി ഉൾപ്പെട്ട ബാങ്ക് കെട്ടിടത്തിന് മുന്നിൽ തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ്  മോഷണശ്രമവും വെടിവയ്പും ഉണ്ടായത്. ബാങ്കിൽ പണം നിക്ഷേപിക്കാനെത്തിയ 45 കാരനായ അമിത് പട്ടേൽ ആണ് കൊല്ലപ്പെട്ടത്.

വാരാന്ത്യത്തിൽ പെട്രോൾ പമ്പിലെത്തിയ കളക്ഷൻ ബാങ്കിൽ അടക്കാനെത്തിയപ്പോളാണ് അമിത് പട്ടേലിന് വെടിയേറ്റ തെന്ന് അദ്ദേഹത്തിൻ്റെ പങ്കാളി വിന്നി പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു. ബാങ്കിൽ നിന്ന് തിരികെയെത്തി മൂന്നു വയസുകാരിയായ മകളുടെ ജന്മദിനാഘോഷം നടത്താനുള്ള ഒരുക്കത്തിലായിരുന്നു അമിത്.

അമിതിനെ കൊലപ്പെടുത്തിയതിനു ശേഷം അക്രമി പണം മുഴുവൻ എടുത്തു കൊണ്ടുപോയതായി വിന്നി പറഞ്ഞു.

പ്രതിയെ അറസ്റ്റു ചെയ്യാൻ എല്ലാ നിയമ നടപടികളും കൈക്കൊള്ളാൻ ആവശ്യപ്പെട്ടതായി കൊളംബസ് മേയർ സ്കിപ് ഹെൻഡേഴ്സൺ പറഞ്ഞു.


206922. ജനസംഖ്യയുള്ളതും ജോർജിയയിലെ ഏറ്റവും വലിയ രണ്ടാടാമത്തെ പട്ടണവുമായ കൊളംബസിൽ ഈ വർഷം നടക്കുന്ന 65 ആമത്തെ നരഹത്യയാണിത്. 2020ൽ 45 പേർ കൊല്ലപ്പെട്ടപ്പോൾ 2021 ൽ കൊലപാതകങ്ങൾ കുത്തനെ ഉയർന്നു.

അമേരിക്കയിലുടനീളം ഈയടുത്ത വർഷങ്ങളിൽ കൊലപാതകങ്ങളിൽ30 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

2019ലെ കണക്കുകൾ പ്രകാരം 16669 കൊലപാതകങ്ങൾ നടന്നു. 2020ൽ അത് 21570 ആയി ഉയർന്നു.
 Other News