ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു


JUNE 27, 2022, 12:25 PM IST

ന്യൂയോര്‍ക്ക് :  വീടിന് സമീപം ജീപ്പില്‍ ഇരിക്കുകയായിരുന്ന ഇന്ത്യന്‍ വംശജനെ വെടിവെച്ച് കൊന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് വെടിയേറ്റ സത്‌നാം സിങ്ങിനെ (31) പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അതിനകം മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞുവെന്ന് പോലീസിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ഡെയ്ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

റിച്ച്മണ്ട് ഹില്ലിന് സമീപമുള്ള സൗത്ത് ഓസോണ്‍ പാര്‍ക്ക് പരിസരത്താണ് സംഭവം നടന്നത്. ഇവിടെ ഏപ്രിലില്‍ രണ്ട് സിഖ് പുരുഷന്മാര്‍ക്കുനേരെ വംശീയ ആക്രമണം ഉണ്ടായതായും പോലീസ് പറഞ്ഞു.

രണ്ട് പ്രദേശങ്ങളിലും ഇന്ത്യന്‍ വംശജരായ ധാരാളം ആളുകള്‍ ഉണ്ട്.

സത്നാം സിങ്ങിനെ വെടിവെച്ചുകൊന്നതിന്റെ ദൃക്സാക്ഷി വിവരണങ്ങളും പോലീസ് നല്‍കിയ വിവരങ്ങളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് വാര്‍ത്തകള്‍ പറയുന്നു.

പോലീസ് പറയുന്നത് വെടിയുതിര്‍ത്തയാള്‍ കാല്‍നടയായി വന്ന് ജീപ്പില്‍ ഇരിക്കുന്ന സത്‌നാം സിങ്ങിനെ വെടിവച്ചു എന്നാണ്. എന്നാല്‍ അക്രമി ഒരു കാറില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും തന്റെ വീട്ടിലെ സുരക്ഷാ ക്യാമറ സംഭവം പതിഞ്ഞിരുന്നുവെന്നും അയല്‍വാസിയായ സ്ത്രീ പറഞ്ഞു.

ഞായറാഴ്ച രാവിലെ വരെ അറസ്റ്റ് നടന്നിട്ടില്ലെന്നും ഉദ്ദേശ്യത്തെക്കുറിച്ച് പോലീസിന് ഉറപ്പില്ലെന്നും AmNY വാര്‍ത്താ സൈറ്റ് പറഞ്ഞു.

സത്‌നാം സിംഗ് ഒരു സുഹൃത്തില്‍ നിന്ന് ജീപ്പ് കടം വാങ്ങിയതാണെന്നും അദ്ദേഹത്തെയാണോ അതോ വാഹനത്തിന്റെ ഉടമയെ ആണോ അക്രമി ലക്ഷ്യമിട്ടതെന്നും വ്യക്തമല്ല. ഇതെക്കുറിച്ച് ഡിറ്റക്ടീവുകള്‍ അന്വേഷിക്കുകയാണെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂസ് പറഞ്ഞു.

ഏപ്രിലില്‍, റിച്ച്മണ്ട് ഹില്ലില്‍ നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് സിഖുകാരുടെ തലപ്പാവ് തട്ടിത്തെറിപ്പിച്ച് അവരെ കൊള്ളയടിച്ച  സംഭവം നടന്നിരുന്നു.

ആ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും വിദ്വേഷ കുറ്റകൃത്യങ്ങള്‍ ചുമത്തുകയും ചെയ്തു.

Other News