അമേരിക്കന്‍ പൗരത്വത്തിനായി ഇന്ത്യക്കാരുടെ തിരക്ക് 


JANUARY 21, 2020, 9:14 PM IST

വാഷിങ്ടണ്‍: അമേരിക്കന്‍ പൗരത്വം തേടുന്ന ഇന്ത്യക്കാരുടെ തിരക്കേറുന്നതായി റിപ്പോര്‍ട്ട്. പൗരത്വ അപേക്ഷകരുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ വര്‍ധിച്ചതായി യു.എസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വിസസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കുടിയേറ്റ നയത്തില്‍ ട്രംപ് ഗവണ്‍മെന്റിന്റെ തീരുമാനം വൈകുന്നതും ആസന്നമായ തെരഞ്ഞെടുപ്പും മുന്നില്‍കണ്ടാണ് കുടിയേറ്റക്കാര്‍ പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ തിരക്കുകൂട്ടുന്നത്. കുടിയേറ്റ നയത്തിലെ വ്യവസ്ഥകള്‍ കര്‍ശനമാകുന്നതിനുമുമ്പേ അനുകൂലമായ സാഹചര്യം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. 

2018 സെപ്റ്റംബര്‍ മുതല്‍ 2019 സെപ്റ്റംബര്‍ 8.34 ലക്ഷം പേരാണ് അമേരിക്കയില്‍ പൗരത്വത്തിന് അപേക്ഷിച്ചത്. 9.5 ശതമാനമാണ് അപേക്ഷകരുടെ വര്‍ധന. 11 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ പൗരത്വത്തിനു അപേക്ഷ നല്‍കിയതും കഴിഞ്ഞ വര്‍ഷമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 5.77 ലക്ഷം പേര്‍ക്ക് അമേരിക്കയില്‍ താമസിക്കാനുള്ള ഗ്രീന്‍ കാര്‍ഡ് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ പൗരത്വത്തിനു അപേക്ഷിച്ചവരില്‍ ആദ്യ സ്ഥാനത്തുള്ളത് മെക്‌സിക്കോയില്‍ നിന്നുള്ളവരാണ്. 1,31,977 പേരാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 52,194 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. മുന്‍ വര്‍ഷത്തേക്കാള്‍ 2.7 ശതമാനം അപേക്ഷകള്‍ വര്‍ധിച്ചു. ചൈനയില്‍നിന്ന് 39,600 പേരാണ് പൗരത്വത്തിന് അപേക്ഷിച്ചത്. 

അതേസമയം, കഴിഞ്ഞ വര്‍ഷം ഗ്രീന്‍കാര്‍ഡ് ലഭിച്ചവരുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്്. മെക്‌സിക്കോ, ക്യൂബ, ചൈന എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. അമേരിക്കയില്‍ ഇതുവരെ 13.1 ലക്ഷം മെക്‌സിക്കോക്കാര്‍ക്കും 9.2 ലക്ഷം ഇന്ത്യക്കാര്‍ക്കുമാണ് ഗ്രീന്‍കാര്‍ഡ് അനുവദിച്ചത്. ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍ക്കു മാത്രമേ പൗരത്വത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. ഗ്രീന്‍ കാര്‍ഡ്, പൗരത്വ അപേക്ഷകളില്‍ കാലതാമസം വന്നതിനാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പുതിയതായി പൗരത്വം കിട്ടിയവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.