ഇന്ത്യ ഉള്‍പ്പെടെ എട്ടു രാജ്യങ്ങള്‍ക്ക്  ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതിചെയ്യാന്‍ നല്‍കിയിരുന്ന ഇളവ്  അമേരിക്ക അവസാനിപ്പിക്കുന്നു


APRIL 22, 2019, 10:36 PM IST

വാഷിംഗ്ടണ്‍ ഡി സി: അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ഇന്ത്യ ഉള്‍പ്പെടെ എട്ടു രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ നല്‍കിയിരുന്ന ഇളവ് അവസാനിപ്പിക്കുകയാണെന്ന് അമേരിക്ക പ്രഖ്യാപിച്ചു. നിലവിലുള്ള ഇളവ് മെയ് രണ്ടിന് അവസാനിക്കും. ഇനി കാലാവധി നീട്ടി നല്‍കുന്ന പ്രശ്‌നമില്ലെന്ന് യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ തിങ്കളാഴ്ച വ്യക്തമാക്കി. ഒരു വര്‍ഷം മുമ്പ് ഇളവ് അനുവദിച്ചപ്പോള്‍ തന്നെ എണ്ണയുടെ കാര്യത്തില്‍ ഇറാനെ ആശ്രയിക്കുന്ന രീതി കുറച്ചു കൊണ്ടുവരണമെന്ന് ട്രമ്പ് ഭരണകൂടം ഈ രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 

ഇന്ത്യയ്ക്കു പുറമേ ചൈന, അമേരിക്കന്‍ സഖ്യരാജ്യങ്ങളായ ജപ്പാന്‍, ദക്ഷിണ കൊറിയ, ഇറ്റലി, ഗ്രീസ്, ടര്‍ക്കി, തായ്‌വാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഇളവ് അനുവദിച്ചിരുന്നത്. ഇറാനുമായി ഇനി ഇടാപാടുകള്‍ നടത്തുന്നത് ഉപരോധ ലംഘനമായി കരുതുമെന്ന് പോംപിയോ മുന്നറിയിപ്പ് നല്‍കി. 

ട്രമ്പ് ഭരണകൂടം അധികാരമേറ്റശേഷം ഇറാനെ ആശ്രയിക്കുന്ന രീതി ഇന്ത്യ കുറച്ചു കൊണ്ടുവന്നുവെങ്കിലും ഇപ്പോഴും 10 ശതമാനം എണ്ണ അവിട നിന്നാമ് ഇറക്കുമതി ചെയ്യുന്നത്. ഇതിനു പുറമേ മേഖലാ തലത്തില്‍ ഇറാനുമായി പല കാര്യങ്ങളിലും ഇന്ത്യ സഹകരിക്കുന്നുണ്ട്. ഇറാനിലെ ഛബ്ബര്‍ തുറമുഖം സംയുക്തമായി വികസിപ്പിച്ച് അഫ്ഗാനിസ്ഥാനിലേക്കുള്ള ചരക്കു ഗതാഗതം സുഗമമാക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഇറാനെതിരേയുള്ള ഉപരധം ശക്തിപ്പെടുന്നതും, വെനിസ്വേലയിലെ ആഭ്യന്തര പ്രശ്‌നങ്ങളും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില വര്‍ധനയ്ക്ക് ഇനിയും കാരണമായേക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. 


Other News