സൗത്ത് ഫ്‌ളോറിഡ ദേശീയപാത അപകടത്തില്‍ മരിച്ചത് കോതമംഗലം സ്വദേശികളായ കുടുംബാംഗങ്ങളെന്ന് സ്ഥിരീകരിച്ചു


SEPTEMBER 4, 2019, 8:22 PM IST

ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ ദേശീയ പാതയില്‍ ഉണ്ടായ വാഹന അപകടത്തില്‍ മരിച്ചത് കോതമംഗലം സ്വദേശികള്‍ ആയ ഒരു കുടുംബത്തിലെ മൂന്ന് പേരാണെന്ന് സ്ഥിരീകരണം.കോതമംഗലം മാതിരപള്ളി കാക്കത്തോട്ടത്തില്‍ മത്തായി(എം.എ.കോളജ് റിട്ട.പ്രൊഫസര്‍) മകന്‍ ബോബി  മാത്യു (46) ഭാര്യ ഡോളി (42) അവരുടെ മകന്‍ സ്റ്റീവ് (14) എന്നിവര്‍ ആണ് മരിച്ചത്. ഓസ്റ്റിന്‍ സ്റ്റീവ്വിന്റെ മൂത്ത സഹോദരനാണ്. ഫ്‌ളോറിഡ മയാമി ഹോളിവുഡ് സയോണ്‍  അസംബ്‌ളിസ് ഓഫ് ഗോഡ് സഭാ വിശ്വാസികളാണ്. ബാബു (ചിക്കാഗോ), ബീബ (ഡാളസ്) എന്നിവര്‍ ബോബിയുടെ സഹോദരങ്ങള്‍ ആണ്.സംസ്‌കാരം പിന്നീട്.

തുടക്കത്തില്‍ കാര്‍ കൃത്രിമ തടാകത്തിലേയ്ക്ക് മറിഞ്ഞുവെന്നും രണ്ടുപേര്‍ മരിച്ചുവെന്നും വാര്‍ത്ത വന്നിരുന്നെങ്കിലും അപകടത്തില്‍ പെട്ടവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപെടുത്തിയിരുന്നില്ല.സ്വഗ്രാസ് എക്‌സ്പ്രസ് വേയിലൂടെ സഞ്ചരിക്കുകയായിരുന്ന ഇവരുടെ കാര്‍ നിയന്ത്രണം തെറ്റി ഡീര്‍ഫീല്‍ഡ് ബീച്ചിലെ തടാകത്തിലേയ്ക്ക് മറിഞ്ഞ് മുങ്ങുകയായിരുന്നു.ഫ്‌ളോറിഡ സമയം ചൊവാഴ്ച വൈകിട്ട് 6.30 നാണ് സംഭവം.

ഫയര്‍ഫോഴ്‌സംഗങ്ങളും മുങ്ങല്‍വിദഗ്ധരും കാറിനടുത്തെത്തിയപ്പോഴേയ്ക്കും ബോബിമാത്യുവും ഡോളിയും മരിച്ചിരുന്നു. മകന്‍ സ്റ്റീവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കുകയും അവിടെവച്ച് അന്ത്യം സംഭവിക്കുകയുമായിരുന്നു. 

അതേസമയം കാര്‍ നിയന്ത്രണം വിടാനുള്ള കാരണം അന്വേഷിച്ചുവരികയാണെന്ന് ഫ്‌ളോറിഡ ഹൈവേ പെട്രോള്‍ അറിയിച്ചു.

Other News