അയോവയിലും ന്യൂ ഹാംപ്ഷെയറിലും ബൈഡനു തിരിച്ചടി


NOVEMBER 8, 2019, 3:25 PM IST

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആദ്യ പ്രൈമറി മത്സരം നടക്കുന്ന സംസ്ഥാനത്ത് ജോ ബൈഡന്റെ പാത ഇടുങ്ങിയതായി മാറുകയാണ്. തന്റെ പിന്തുണക്കാരായ മധ്യവര്‍ത്തികളായ   ഡെമോക്രാറ്റുകളില്‍ ബട്ടിജെജ് നടത്തുന്ന മുന്നേറ്റമാണ്  ബൈഡനു ഭീഷണിയായി മാറുന്നത്. അതേസമയം ഇടതുപക്ഷക്കാര്‍ക്കിടയില്‍ എലിസബത്ത് വാറന്‍, ബേണി സാന്‍ഡേഴ്സ് എന്നിവര്‍ സ്വാധീനം ഉറപ്പിക്കുകയും ചെയ്യുന്നു.അയോവയില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ 13,000 പ്രവര്‍ത്തകര്‍ക്കായി ബൈഡന്‍ നടത്തിയ ഫണ്ട് സമാഹരണ ഡിന്നര്‍ 2020ലെ നോമിനേഷനായുള്ള മത്സരം മുറുകുന്നതിന്റെ ഒരു തെളിവായി മാറി. അവിടെ പല സീറ്റുകളും  ഒഴിഞ്ഞു കിടക്കുകയായിരുന്നത്രെ. 

അയോവയിലും രണ്ടാമത്തെ മത്സരം നടക്കുന്ന ന്യൂ ഹാംപ്ഷെയറിലും അടുത്തിടെ നടത്തിയ സര്‍വേകളില്‍ തെളിഞ്ഞത് ദേശീയ വോട്ടെടുപ്പുകളില്‍ മുന്നിലാണെങ്കിലും ഈ രണ്ടു സംസ്ഥാനങ്ങളിലും ജോ ബൈഡന് കാലിടറുന്നുവെന്നാണ്.

വോട്ടെടുപ്പ് തുടങ്ങുന്നതിനു മൂന്നു മാസങ്ങള്‍ ശേഷിക്കവേ ഞായറാഴ്ച പുറത്തു വന്ന വാള്‍സ്ട്രീറ്റ് ജേണല്‍/എന്‍ബിസി ന്യൂസ് സര്‍വേ പ്രകാരം ദേശീയ തലത്തില്‍ 27% പിന്തുണയുമായി ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ക്കിടയില്‍ ബൈഡന്‍ മുന്നിലാണ്. വാറന് 23%, സാന്‍ഡേഴ്സിന് 19% ബട്ടിജെജിനു 6% എന്നിങ്ങനെയാണ് വോട്ട് വിഹിതം. 

എന്നാല്‍   ആദ്യ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് ചിത്രം വ്യത്യസ്തമാണ്. പലപ്പോഴും കൂട്ടത്തില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന രീതിയുണ്ടെങ്കിലും വോട്ടെടുപ്പിന്റെ തുടക്കത്തില്‍ ഒരു സ്ഥാനാര്‍ത്ഥിക്കു ലഭിക്കുന്ന പിന്തുണ വലിയൊരു ഉത്തേജനമായി മാറും. അയോവയില്‍ 4 ദിവസങ്ങളില്‍ നടത്തിയ പര്യടനത്തില്‍ അടുത്ത നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്താന്‍ ഏറ്റവും പറ്റിയ സ്ഥാനാര്‍ഥി എന്ന നിലയിലാണ് ബൈഡന്‍ സ്വയം അവതരിപ്പിച്ചത്. എന്നാല്‍ ബൈഡന്റെ റാലികളില്‍ പങ്കെടുത്തവര്‍ നൂറുകണക്കിന് എന്ന രീതിയില്‍ ഒതുങ്ങിയപ്പോള്‍ വാറന്‍, സാന്‍ഡേഴ്സ്, ബട്ടിജെജ് എന്നിവരുടെ റാലികളില്‍ വലിയ ജനക്കൂട്ടമാണ് പങ്കെടുത്തത്.

Other News