അമേരിക്കക്കാരെ അടിമകളാക്കി വേദനാസംഹാരിയില്‍ മയക്കുമരുന്ന്: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് വീണ്ടും വൻ പിഴ 


AUGUST 28, 2019, 2:30 AM IST

വാഷിംഗ്‌ടൺ :മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികളിലൂടെ യു എസിലെ ജനങ്ങളെ മരുന്നിന് അടിമകളാക്കിയെന്ന കേസില്‍ അമേരിക്കന്‍ കോടതി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് വന്‍ തുക പിഴ ചുമത്തി. 5.2 കോടി ഡോളറാണ് (ഏകദേശം 4095.49 കോടി രൂപ) അമേരിക്കയിലെ ഓക്‌ലഹോമ കോടതി പിഴ ചുമത്തിയത്. 

ചരിത്രത്തിലെ വലിയ പിഴ ശിക്ഷകളില്‍ ഒന്നാണിത്. ജോണ്‍സണ്‍ പുറത്തിറക്കുന്ന ഡ്യൂറാജെസിക്, ന്യൂസെന്റാ എന്നീ വേദനസംഹാരികള്‍ അമേരിക്കന്‍ ജനതയെ മരുന്നിന്റെ അടിമകളാക്കുന്നു എന്നായിരുന്നു കേസ്. യു എസില്‍ ഏറ്റവും വില്‍ക്കപ്പെടുന്ന വേദനസംഹാരികളാണ് ജോണ്‍സണിന്റേത്. 

ഈ വേദനസംഹാരികളില്‍ അടങ്ങിയിട്ടുള്ള മയക്കുമരുന്നിന്റെ അംശം ആളുകളെ അടിമകളാക്കി മാറ്റുകയാണെന്നും ഇവയുടെ അമിതോപയോഗം മൂലം 1999നും 2017നും ഇടയില്‍ നാലു ലക്ഷത്തോളം പേര്‍ മരിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു വാദം. 

അമിതമായ പരസ്യങ്ങളിലൂടെ ജനങ്ങളെ മാത്രമല്ല, ഡോക്‌ടര്‍മാരെ വരെ സ്വാധീനിച്ച്‌ കമ്പനി പൊതുശല്യമായി മാറിയെന്നും കോടതി നിരീക്ഷിച്ചു. കൂടുതല്‍ പേരുടെ ജീവിതം തകര്‍ക്കാതിരിക്കാനാണ് ഇങ്ങനെയൊരു വിധിയെന്ന് കോടതി പറഞ്ഞു. തങ്ങളുടെ മരുന്ന്, വിപണിയുടെ ഒരു ശതമാനം മാത്രമേ ഉള്ളൂ എന്ന കമ്പനിയുടെ വാദം കോടതി കണക്കിലെടുത്തില്ല.വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ജോണ്‍സണിന്റെ മറ്റ് ഉത്പന്നങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നതായി നേരത്തേ തെളിഞ്ഞിരുന്നു. ഇതിന് മുന്‍പും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് പിഴ ലഭിച്ചിട്ടുണ്ട്. നിലവില്‍ കമ്പനിക്കെതിരെ വിവിധ രാജ്യങ്ങളിലായി മൂവായിരത്തിലധികം കേസുകളുണ്ട്.

Other News