ട്രംപ് സ്വന്തം കാര്യം മാത്രം നോക്കുന്ന പ്രസിഡന്റ് : പരിഹാസത്തിന് മറുപടിയുമായി കമല


AUGUST 13, 2020, 10:06 AM IST

വാഷിംഗ്ടണ്‍ ഡിസി : ഡെമോക്രാറ്റിക് വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തന്നെ പ്രഖ്യാപിച്ചതിനു പിന്നാലെ രൂക്ഷമായി പരിഹസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മറുപടിയുമായി കമല ഹാരിസ്. ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനൊപ്പം പ്രചരണത്തിനെത്തിയ കമല തെരഞ്ഞെടുപ്പിനെ നേരിടാന്‍ താന്‍ പൂര്‍ണ സജ്ജയാണെന്ന് പറഞ്ഞാണ് തന്റെ പ്രസംഗം ആരംഭിച്ചത്.

രാജ്യം അതിന്റെ സമസ്ത മേഖലകളിലും തകര്‍ച്ചയും തിരിച്ചടികളും നേരിടുന്ന സമയത്താണ് തെരഞ്ഞെടുപ്പ് വരുന്നത്. സാമ്പത്തിക മേഖലയും, ആരോഗ്യ മേഖലയും കുട്ടികളുടെ കാര്യങ്ങളുമെല്ലാം തകിടം മറിഞ്ഞിരുക്കുന്ന, വമ്പന്‍ തിരിച്ചടി നേരിടുന്ന സമയമാണിത്. അമേരിക്കയ്്ക്ക് ഇപ്പോള്‍ ആവശ്യം ശക്തമായ ഒരു നേതൃത്വമാണ്- അവര്‍ തുറന്നടിച്ചു.

രാജ്യത്തിന് ഇപ്പോള്‍ ഒരു പ്രസിഡന്റ് ഉണ്ട്. പക്ഷേ അദ്ദേഹത്തിന് സ്വന്തം കാര്യം നോക്കാന്‍ മാത്രമേ സമയമുള്ളു. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത ജനങ്ങളുടെ വിഷയങ്ങള്‍ അദ്ദേഹം പരിഗണനയ്ക്ക് പോലും എടുക്കുന്നില്ല- കമല കുറ്റപ്പെടുത്തി. ട്രംപിന്റെയും- മൈക്ക് പെന്‍സിന്റെയും നേതൃത്വത്തിലുള്ള ഒരു പരാജയപ്പെട്ട ഭരണകൂടത്തെ നമുക്കിനി ആവശ്യമില്ല. 83 ദിവസങ്ങള്‍ക്കപ്പുറം രാജ്യത്തിന്റെപുതിയ ഭാവി തെരഞ്ഞെടുക്കാനുള്ള അവസരമാണ് നമുക്ക് മുന്നിലുള്ളത്- കമല ചൂണ്ടിക്കാട്ടി.

ട്രംപ് ഭരണത്തിലേറുമ്പോള്‍ ബരാക് ഒബാമയും ജോ ബൈഡനും ചേര്‍ന്ന് ശക്തമായ അടിത്തറപാകിയ ഒരു സാമ്പത്തിക മേഖലയായിരുന്നു അമേരിക്കയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍, ട്രംപിനു കീഴില്‍ അത് തകിടം മറിഞ്ഞു. രാജ്യത്തെ സാമ്പത്തികാവസ്ഥപോലും പ്രതിസന്ധിയുടെ വക്കിലെത്തി- അവര്‍ കൂട്ടിച്ചേര്‍ത്തു.

Other News