ഖാസിം സുലൈമാനിക്ക് ഇന്ത്യയിലും ഭീകരാക്രമണത്തിന് പദ്ധതിയുണ്ടായിരുന്നുവെന്ന് ട്രംപ്


JANUARY 5, 2020, 11:35 AM IST

വാഷിംങ്ടണ്‍:  കഴിഞ്ഞ ദിവസം അമേരിക്കയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനിക്ക് ഇന്ത്യയിലും ഭീകരാക്രമണത്തിന് പദ്ധതിയുണ്ടായിരുന്നു എന്നാരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനും അമേരിക്കയുമായുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാവുന്നതിനിടെയാണഅ ട്രംപിന്റെ വെളിപ്പെടുത്തല്‍. വധിക്കപ്പെട്ട ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനി ഡല്‍ഹിയിലും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി ട്രംപ് ആരോപിച്ചു. ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ അലി ചെംഗേനി ട്രംപിന്റെ ആരോപണം നിഷേധിച്ചു. ട്രംപിന്റെ ആരോപണത്തില്‍ ഇന്ത്യന്‍ വിദേശമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിരവധി ഭീകരാക്രമണങ്ങളില്‍ സുലൈമാനിക്ക് പങ്കുണ്ടെന്നും ഡല്‍ഹിയിലും ലണ്ടനിലും ഉള്‍പ്പെടെ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സുലൈമാനി പദ്ധതിയിട്ടിരുന്നതായും ട്രംപ് ആരോപിച്ചു. വാഷിംഗ്ടണില്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ട്രംപിന്റെ പുതിയ ആരോപണങ്ങള്‍. നിരപരാധികളുടെ മരണം സുലൈമാനിക്ക് മാനസിക വൈകൃതമായിരുന്നെന്ന് ട്രംപ് പറഞ്ഞു.

2012 ഫെബ്രുവരിയില്‍ ഡല്‍ഹിയിലെ ഇസ്രയേല്‍ നയതന്ത്ര ഉദ്യോഗസ്ഥയെ ഉന്നം വച്ച് നടന്ന കാര്‍ ബോംബാക്രമണമാണ് ട്രംപ് പരാമര്‍ശിച്ചതെന്നാണ് സൂചന.അതേസമയം, സുലൈമാനി വധത്തെ ന്യായീകരിക്കാനുള്ള ആരോപണങ്ങള്‍ മാത്രമാണിതെന്നാണ് ഇറാന്റെ വാദം.

Other News