(റോയിട്ടേഴ്സ്) - മോഷ്ടിക്കപ്പെട്ട കോജി, ഗുസ്താവ് എന്നീ ഫ്രഞ്ച് ബുള്‍ഡോഗുകളെ തിരികെ ലഭിക്കുന്നതിന് അവയുടെ ഉടമസ്ഥയും പോപ്പ് സൂപ്പര്‍ സ്റ്റാറുമായ ലേഡി ഗാഗ 500,000 ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്തു. ലോസ് ഏഞ്ചല്‍സില്‍ നിന്ന് അക്രമികളാണ് ബലം പ്രയോഗിച്ച് നായ്ക്കളെ കടത്തിക്കൊണ്ടുപോയത്.
നായ്ക്കള്‍ മോഷ്ടിക്കപ്പെട്ടപ്പോള് ഒരു സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് റോമില്‍ ആയിരുന്ന ഗാഗ, മോഷണത്തെക്കുറിച്ച് വ്യക്തിപരമായി പ്രതികരിച്ചിട്ടില്ല. ഹോളിവുഡിലെ സിയറ ബോണിറ്റ അവന്യൂവില്‍ ബുധനാഴ്ച രാത്രി നായ്ക്കളുടെ സൂക്ഷിപ്പുകാരനായ 30 കാരനില്‍ നിന്ന് രണ്ട് ഫ്രഞ്ച് ബുള്‍ഡോഗുകളെ അക്രമി തോക്ക് ചൂണ്ടി മോഷ്ടിക്കുകയായിരുന്നുവെന്ന് ലോസ് ഏഞ്ചല്‍സ് പോലീസ് വകുപ്പ് സ്ഥിരീകരിച്ചു.
ഗായികയുടെ നായ്സൂക്ഷിപ്പുകാരന് എന്ന് ഒന്നിലധികം മാധ്യമ റിപ്പോര്‍ട്ടുകളില്‍ തിരിച്ചറിഞ്ഞ യുവാവിനെ സെമി ഓട്ടോമാറ്റിക് ഹാന്ഡ്ഗണ് ഉപയോഗിച്ചാണ് വെടിവച്ചതെന്നും ഇയാള്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും എല്‍എപിഡി പറഞ്ഞു.
മൂന്നാമത്തെ നായ മിസ് ഏഷ്യ മോഷ്ടാവില്‍ നിന്ന് രക്ഷപ്പെട്ടു, ഇതിനെ പിന്നീട് കണ്ടെടുത്തു.
സമീപ മാസങ്ങളില്‍ അമേരിക്കയില്‍ ഫ്രഞ്ച് ബുള്‍ഡോഗുകളെ മോഷ്ടിക്കുന്നതിനായി നടത്തിയ നിരവധി അക്രമങ്ങളില്‍ ഏറ്റവും പുതിയ സംഭവമാണിത്.
ജനുവരിയില്‍ സാന്‍ ഫ്രാന്‍സിസ്കോയിലെ ഒരു സ്ത്രീയെ അവരുടെ ഫ്രഞ്ച് ബുള്‍ഡോഗ് നായ്ക്കുട്ടിയെ മോഷ്ടിച്ച കള്ളന് വെടിവെച്ചുപരിക്കേല്പ്പിച്ചിരുന്നു. ഒക്ടോബറില്‍ നോര്‍ത്ത് കരോലിനയിലെ നായ് വളര്ത്തല്കാരന്റെ അഞ്ച് നായ്ക്കുട്ടികളെ മോഷ്ടാക്കള്‍ തോക്കിന്മുനയില് നിര്‍ത്തി മോഷ്ടിച്ചു.
ചിലപ്പോഴൊക്കെ ആയിരക്കണക്കിന് ഡോളര്‍ വീതം വില്ക്കാന് കഴിയുന്ന സ്മഷ്-നോസ്ഡ് നായ്ക്കളെ വളരെക്കാലമായി മോഷ്ടാക്കള്‍ ലക്ഷ്യമിടുന്നു, കാരണം അവ ചെലവേറിയതും പ്രജനനം നടത്താന്‍ പ്രയാസവുമാണ്, അമേരിക്കന്‍ കെന്നല്‍ ക്ലബിന്റെ വക്താവ് ബ്രാണ്ടി ഹണ്ടര്‍ പറഞ്ഞു. ഉടമകള്‍ അവരുടെ നായ്ക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യുന്നത് ഒഴിവാക്കാന്‍ ഇത് ശുപാര്‍ശ ചെയ്യുന്നു - പ്രത്യേകിച്ചും ഫോട്ടോകളില്‍ ഉടമകള്‍ താമസിക്കുന്ന സ്ഥലത്തെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഉള്‍പ്പെടുന്നുവെങ്കില്‍.
അടുത്തിടെ നടന്ന മോഷണത്തോടെ ഇതുമായി ബന്ധപ്പെട്ട അക്രമത്തിന്റെ തോത് വര്‍ധിച്ചതായി വ്യക്തമാക്കുന്നുവെന്ന് കണക്റ്റിക്കട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ ഫ്രഞ്ച് ബുള്‍ഡോഗ് റെസ്ക്യൂ നെറ്റ്വര്‍ക്ക് വൈസ് പ്രസിഡന്റ് ആന്‍ഡി ലോപ്പസ് പറഞ്ഞു.തന്റെ നായ്ക്കളെ കള്ളന്മാരില് നിന്നും വേട്ടക്കാരില്‍ നിന്നും സംരക്ഷിക്കുന്നതിനായി സുരക്ഷാ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ലോപ്പസ് പറഞ്ഞു.
നായ്ക്കളെ കണ്ടുകിട്ടുന്നവര്‍ [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടണമെന്ന് ഗായിക ആവശ്യപ്പെടുന്നതായി ലേഡി ഗാഗയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
വ്യാഴാഴ്ച, സെലിബ്രിറ്റി ഗോസിപ്പ് സൈറ്റ് ടിഎംസെഡ് പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ സംഭവം ഒരു അയല്ക്കാരന്റെ സുരക്ഷാ ക്യാമറ റെക്കോര്‍ഡുചെയ്തുവെന്നും നായ് സൂക്ഷിപ്പുകാരന് ആക്രമിക്കപ്പെട്ടതായി കാണിക്കുന്നുവെന്നും പറഞ്ഞു. വ്യ്കതമല്ലാത്ത വീഡിയോ ചിത്രങ്ങളില്‍ ഒരു വെടിവയ്പ്പ് കേള്‍ക്കുന്നതിനുമുമ്പ്, ഒരു വെളുത്ത കാറില്‍ കയറുന്ന രണ്ടുപേരുമായി ഒരാള്‍ മല്ലിടുന്നതായും ''എന്നെ സഹായിക്കൂ'' എന്ന് നിലവിളിക്കുന്നതായും കേള്‍ക്കാം.