ബഹാമസിലേക്ക് മലയാളികളുടെ സഹായഹസ്തം


SEPTEMBER 18, 2019, 2:51 PM IST

മയാമി: ഡോറിയന്‍ ചുഴലിക്കാറ്റ് തകര്‍ത്ത ബഹാമസിലെ അബാക്ക ദ്വീപുരാജ്യത്തിന്റെ നിസഹായതയില്‍ ഒത്തൊരുമയോടുകൂടി ഒരു കൈത്താങ്ങാകുവാന്‍ മയാമിയിലെ മലയാളി സമൂഹം മുന്നോട്ടിറങ്ങി.

മയാമിയിലെ വിവിധ മലയാളി സംഘടകളുടെയും വിവിധ മതസമൂഹത്തിന്റെയും പള്ളികളുടെയും നേതൃത്വത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് ആഹാരസാധനങ്ങളും ജനറല്‍ സപ്ലൈസും, ബേബി സപ്ലൈസും, സാനിറ്ററി ഐറ്റംസും കുടിവെള്ളവും തുടങ്ങി ജനറേറ്ററും,  ഗ്യാസ് സ്റ്റൗവും വരെ ദിവസങ്ങള്‍ക്കകം ശേഖരിച്ചു.

മലയാളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബും(MASC) ഓറഞ്ച് വിംഗ് ഏവിയേഷനും സംയുക്തമായി ചേര്‍ന്ന് ലഭിച്ച സാധനങ്ങള്‍ തരംതിരിച്ച് പാക്ക്  ചെയ്ത് പൊമ്പനോ ബീച്ച് എര്‍പോര്‍ട്ടില്‍ നിന്ന് ഓറഞ്ച് വിംഗ് ഏവിയേഷന്റെ ഉടമസ്ഥതിലുള്ള ചെറുവിമാനങ്ങളില്‍ നേരിട്ട് ബഹാമസില്‍ എത്തിച്ച് മലയാളികളുടെ സഹായഹസ്തത്തിന് പുതിയൊരു മാനം കൊടുത്തു.

ഔവര്‍ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ച് വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ, ദേശീയവും പ്രാദേശീകവുമായ വിവിധ സംഘടനാ ഭാരവാഹികളെയും പ്രതിനിധികളെയും സാക്ഷി നിര്‍ത്തി ഈ സല്‍ക്കര്‍മ്മത്തിന് ഫഗ് ഓഫ് ചെയ്തു.ഓറഞ്ച് വിംഗ് ഏവിയേഷന്റെ സി. ഇ. ഓ. വിപിന്‍ വിന്‍സെന്റ്, മാസ്‌ക് ഭാരവാഹികളായ ജിനോ കുരിയാക്കോസ്, നോയല്‍ മാത്യു, നിധേഷ് ജോസഫ്, അജിത് വിജയന്‍, ജോബി കോട്ടം, ജോഷി ജോണ്‍, മനോജ്കുട്ടി, ഷെന്‍സി മാണി, അജി വര്‍ഗീസ്, വിഷ്ണു, ചാര്‍ളി പൊറത്തൂര്‍, രെഞ്ജിത്ത് രാമചന്ദ്രന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സമുദ്രനിരപ്പില്‍ നിന്നും 40 അടി മാത്രം ഉയരമുളള അബാക്ക ദ്വീപില്‍ മാത്രം ആയിരക്കണക്കിന് വീടുകളില്‍ പ്രളയം കയറി. പതിമൂവായിരം വീടുകള്‍ തകരുയോ സാരമായ കേടുപാടുകള്‍ പറ്റുയോ ചെയ്തു. കൊടുങ്കാറ്റ് തകര്‍ത്ത ബഹാമസില്‍ 70,000 പേരാണ് ദുരിതാശ്വാസത്തിനായി കേഴുന്നത്.

Other News