വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിന് സമീപത്ത് സംരക്ഷണത്തിനായി സ്ഥാപിച്ച ബാരിക്കേഡുളില്‍ വാഹനം ഇടിച്ചുകയറ്റിയ സംഭവത്തില്‍ അറസ്റ്റിലായ യുവാവ് ഹിറ്റ്ലറെ പ്രശംസിച്ചുവെന്ന് കോടതി രേഖകള്‍.
തിങ്കളാഴ്ച രാത്രിയാണ് യുവാവ് ഓടിച്ചിരുന്ന യു-ഹാള്‍ ട്രക്ക് വൈറ്റ് ഹൗസിന് സമീപമുള്ള സുരക്ഷാ ബാര്‍ക്കേഡില്‍ ഇടിച്ചുകയറിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ഇയാള്‍ അഡോള്‍ഫ് ഹിറ്റ്ലറെ പ്രശംസിക്കുകയും സര്‍ക്കാരിനെ അട്ടിമറിച്ച് സ്വയം അധികാരത്തില്‍ വരാന്‍ ആവശ്യമെങ്കില്‍ ''പ്രസിഡണ്ടിനെ കൊല്ലുക'' എന്നതാണ് തന്റെ ലക്ഷ്യമെന്നും പറഞ്ഞു. പ്രതിക്കെതിരെ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
മിസോറിയിലെ ചെസ്റ്റര്‍ഫീല്‍ഡില്‍ നിന്നുള്ള സായ് വര്‍ഷിത് കണ്ടൂല എന്ന 19 കാരനാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളത്. ഈ കേസിനു പുറമെ 1,000 ഡോളറിലധികം വിലവരുത്ത വസ്തുവകകള്‍ നശിപ്പിച്ചതിനും ഫെഡറല്‍ കോടതിയില്‍ കുറ്റം ചുമത്തിയിട്ടുണ്ട്. പ്രസിഡന്റിനെയോ വൈസ് പ്രസിഡന്റിനെയോ കുടുംബാംഗങ്ങളെയോ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതുള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് യുഎസ് പാര്‍ക്ക് പോലീസ് ആദ്യം കണ്ടുലയെ അറസ്റ്റ് ചെയ്തത്. കേസ് പുരോഗമിക്കുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ അധിക ചാര്‍ജുകള്‍ ചേര്‍ക്കാന്‍ സാധ്യതയുണ്ട്.
പോലീസ് സംരക്ഷണയില്‍ കൈവിലങ്ങണിയിച്ചാണ് കണ്ടുലയെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഡിസി സുപ്പീരിയര്‍ കോടതിയില്‍ ഹാജരാക്കിയത്. ടീ-ഷര്‍ട്ടും ഷോര്‍ട്ട്‌സുമായിരുന്നു വേഷം. ജാമ്യമില്ലാതെയാണ് പ്രതി കസ്റ്റഡിയില്‍ കഴിയുന്നതെന്ന് യുഎസ് പാര്‍ക്ക് പോലീസ് പറഞ്ഞു. ബുധനാഴ്ച ഒറ്റ കുറ്റപത്രത്തോടെ പ്രാരംഭ ഹാജരോടെ കേസ് തുടരുമെന്ന് പ്രതീക്ഷിക്കുന്ന ഫെഡറല്‍ കോടതിയില്‍ കുറ്റാരോപിതന്‍ ഇതുവരെ ഒരു ഔപചാരിക ഹര്‍ജി നല്‍കിയിട്ടില്ല. കേസില്‍ അയാള്‍ക്ക് വേണ്ടി വാദിക്കാന്‍ അഭിഭാഷകനെയും നിയമിച്ചിട്ടില്ല.
തിങ്കളാഴ്ചത്തെ സംഭവത്തില്‍ ഏജന്‍സിക്കോ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ക്കോ പരിക്കേറ്റിട്ടില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
നാസി പതാക വഹിച്ച ട്രക്ക്, 16-ാം സ്ട്രീറ്റിലെ ലഫായെറ്റ് സ്‌ക്വയറിന്റെ വടക്ക് വശത്തുള്ള സുരക്ഷാ ബാരിയറുകളില്‍ രാത്രി 10 മണിക്ക് മുമ്പാണ് ഇടിച്ചുകയറിയതെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ഡ്രൈവര്‍ ബോധപൂര്‍വം ബാരിയറില്‍ ഇടിച്ചതാകാമെന്ന് കണ്ടെത്തിയെന്ന് ഏജന്‍സി പിന്നീട് പറഞ്ഞു.
പ്രസിഡന്റ് ജോ ബൈഡനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കണമെന്നതുള്‍പ്പെടെ സംഭവസ്ഥലത്ത് വൈറ്റ് ഹൗസിനെക്കുറിച്ച് കാണ്ടുല ഭീഷണിപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ നടത്തിയതായി നിയമപാലക വൃത്തങ്ങള്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സംഭവത്തില്‍ കുറ്റാരോപിതന്റെ മാനസികാരോഗ്യം ശരിയായ നിലയിലാണോ എന്ന് അധികാരികള്‍ പരിശോധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.