ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറിലേക്ക് എസ്യുവി ഇടിച്ച് കയറി ഒരു മരണം:  ഡ്രൈവര്‍ അറസ്റ്റില്‍


NOVEMBER 23, 2022, 12:11 PM IST

ബോസ്റ്റണ്‍: അമേരിക്കയില്‍ മസാച്യുസെറ്റ്‌സിലെ ഹിങ്ഹാമില്‍ ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറിലേക്ക് എസ്യുവി ഇടിച്ച് കയറി ഒരാള്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. എസ്യുവി ഓടിച്ച 53 കാരനായ ബ്രാഡ്ലി റെയ്‌നെ തിരിച്ചറിഞ്ഞതായി പ്ലൈമൗത്ത് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ടിം ക്രൂസ് അറിയിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. അശ്രദ്ധമായി മോട്ടോര്‍ വാഹനം ഉപയോഗിച്ചുള്ള നരഹത്യഎന്ന കുറ്റമാണ് റെയ്നെതിരെ ചുമത്തിയിരിക്കുന്നതെന്ന് ജില്ലാ അറ്റോര്‍ണി ഓഫീസ് ട്വീറ്റ് ചെയ്തു. ഇയാളെ ഹിംഗ്ഹാം ജില്ലാ കോടതിയില്‍ ഹാജരാക്കും. ഇന്ന് രാവിലെ 11 മണിയോടെ ഡെര്‍ബി സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന സ്റ്റോറിലാണ് അപകടം സംഭവിച്ചത്.

ന്യൂജേഴ്സിയില്‍ നിന്നുള്ള കെവിന്‍ ബ്രാഡ്ലി (65) യാണ് സംഭവസ്ഥലത്ത് മരിച്ചതെന്നും പോലീസ് അറിയിച്ചു. ഏഴ് ഫയര്‍ എഞ്ചിനുകളും 14 ആംബുലന്‍സുകളും എത്തിയാണ് സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ പരിക്കേറ്റവരെ വെയ്മൗത്തിലെ സൗത്ത് ഷോര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെ പിന്നീട് ബോസ്റ്റണിലെ ബ്രിഗാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റല്‍, ബോസ്റ്റണ്‍ മെഡിക്കല്‍ സെന്റര്‍, ബ്രിഗാം ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലേക്കും മാറ്റി. പരിക്കേറ്റവരില്‍ തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റവരും കൈകാലുകള്‍ തളര്‍ന്നവരുമുണ്ടെന്ന് സൗത്ത് ഷോര്‍ ഹോസ്പിറ്റലിലെ ഡോ. വില്യം ടോലെഫ്സെന്‍ പറഞ്ഞു

അപകടത്തെക്കുറിച്ചുള്ള അന്വേഷണം സജീവമാണെന്നും തുടരുകയാണെന്നും പോലീസ് പറഞ്ഞു. ബ്രാഡ്ലി റെയ്‌നെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇയാള്‍ക്ക് അപകടത്തില്‍ ഗുരുതരമായ പരുക്ക് പറ്റിയിരുന്നില്ല. കറുത്ത എസ്യുവിയാണ് അമിതവേഗത്തിലെത്തി ഹിംഗ്ഹാമിലെ സ്റ്റോറിലേക്ക് ഇടിച്ചുകയറിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.  അപകടത്തില്‍ സ്ഥാപനത്തിന്റെ മുന്‍വശത്തെ ഗ്ലാസ് ജനാല വാഹനം തകര്‍ത്തു. തിങ്കളാഴ്ച സ്റ്റോര്‍ തുറന്ന് ഒരു മണിക്കൂറിനുള്ളിലായിരുന്നു അപകടം. ബോസ്റ്റണ്‍ നഗരത്തിന് തെക്ക് 24 കിലോമീറ്റര്‍ അകലെയുള്ള ഒരു ഔട്ട്‌ഡോര്‍ മാളിലാണ് സ്റ്റോര്‍. സംഭവത്തില്‍ ആപ്പിള്‍ കമ്പനി ഞെട്ടല്‍ രേഖപ്പെടുത്തി

Other News