നാലു കുടുംബാംഗങ്ങലെ കൊലപ്പെടുത്തിയ ആള്‍ ഒരാളുടെ മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി പോലീസ് സ്‌റ്റേഷനിലെത്തിച്ചു


OCTOBER 16, 2019, 4:24 PM IST

കാലിഫോര്‍ണിയ:  കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ ആള്‍, ഒരാളുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ വെച്ച് പോലീസ് സ്റ്റേഷനിലെത്തി. ചുവന്ന കാറിലെത്തിയ യുവാവ് വളരെ ശാന്തനായാണ് കൂട്ടക്കൊല നടത്തിയ വിവരം പോലീസിനെ  അറിയിച്ചത്. ആദ്യം വിശ്വസിക്കാതിരുന്ന പോലീസ് കാറിന്റെ ഡിക്കിയിലെ  മൃതശരീരം കണ്ടെത്തിയതോടെയാണ് ഞെട്ടിയത്.

ഓഫീസറെ അഭിവാദ്യം ചെയ്ത് മുന്നോട്ടുവന്ന ആ അമ്പത്തിമൂന്നുകാരന്‍ തന്റെ പേര് ശങ്കര്‍ നാഗപ്പ ഹാങ്കുഡ് എന്നാണെന്നു പരിചയപ്പെടുത്തിയതിനുശേഷമാണ് കൊലപാതകങ്ങള്‍ നടത്തിയെന്ന് വെളിപ്പെടുത്തിയത്.

കുടുംബാംഗങ്ങളായ നാല് പേരെ താന്‍ കൊന്നുതള്ളിയെന്നും കൂട്ടത്തില്‍ ഒരാളുടെ മൃതദേഹം തന്റെ കാറിന്റെ ഡിക്കിയിലുണ്ടെന്നുമാണ് അയാള്‍ പോലീസ് ഓഫീസറോട് ശാന്തമായി പറഞ്ഞത്.

തമാശയാണെന്നായിരുന്നു ആദ്യം ആ പോലീസ് ഓഫീസര്‍ കരുതിയത്. പിന്നീടുള്ള അന്വേഷണത്തില്‍ കാലിഫോര്‍ണിയയെ നടുക്കിയ ക്രൂരമായ കൊലപാതക പരമ്പര കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വന്നത്.വടക്കന്‍ കാലിഫോര്‍ണിയയിലെ മൗണ്ട് ഷാസ്ത പോലീസ് സ്റ്റേഷനിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. തിങ്കാളാഴ്ച ഉച്ചക്ക് 12.10നാണ് സ്വന്തം കാറില്‍ ശങ്കര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. ഇയാള്‍ പറഞ്ഞതനുസരിച്ച് 212 മൈല്‍ അകലെയുള്ള റോസ് വില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ജങ്ഷന്‍ ബൗലേവാര്‍ഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് രണ്ടു കുട്ടികളുടേത് ഉള്‍പ്പെടെ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തി.

അതേസമയം എന്തിനാണ് ഈ അരുംകൊലകള്‍ നടത്തിയതെന്ന് മാത്രം ശങ്കര്‍ പോലീസിനോടു പറഞ്ഞില്ല. കസ്റ്റഡിയിലെടുത്ത ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിനു പോലീസ് കേസെടുത്തു. മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം നാലാമനെ കാറില്‍ കയറ്റി റോസ് വില്ലെയില്‍നിന്നു പുറപ്പെട്ട ശങ്കര്‍ ഇയാളെയും കൊണ്ടു പല സ്ഥലങ്ങളിലും കറങ്ങിയതിനു ശേഷമാണ് കൊല നടത്തിയതെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

എന്നാല്‍ ശങ്കറിന് ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായി അറിവില്ലെന്നും ഇത്തരത്തിലുള്ള സംഭവം അസാധാരണവും തന്റെ ഔദ്യോഗിക ജീവിതത്തില്‍ ആദ്യത്തേതുമാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് ജിബ്‌സണ്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. 420 ഓളം കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ശങ്കര്‍ നാഗപ്പ ഹാങ്കുഡ് പോലീസ് സ്റ്റേഷനില്‍ എത്തിയതെന്നും വളരെ ശാന്തമായി പെരുമാറുന്ന ഇയാള്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

നാല് പേരെയും ഇയാള്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ഇയാള്‍ക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതായി റോസ് വില്ലെ പോലീസ് അറിയിച്ചു. കാലിഫോര്‍ണിയയിലെ പ്രമുഖ കമ്ബനികളില്‍ ജോലി നോക്കിയിട്ടുള്ള ശങ്കര്‍ അറിയപ്പെടുന്ന ഡാറ്റ സ്‌പെഷലിസ്റ്റാണ്. വ്യത്യസ്ത ദിവസങ്ങളിലായാണ് കൊലപാതകങ്ങള്‍ നടന്നിരിക്കുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Other News