അടുത്ത ക്രിസ്മസ് കാണില്ലെന്നു ഭയന്നെങ്കിലും കാന്‍സര്‍ വിമുക്തയായെന്ന് മാര്‍ട്ടിന നവരത്തിലോവ


MARCH 22, 2023, 7:05 PM IST

ന്യൂയോര്‍ക്ക്: ഗ്രാന്റ് സ്ലാമിലെ കിരീടം വെക്കാത്ത രാജകുമാരി ഒടുവില്‍ അര്‍ബുദ രോഗത്തേയും പരാജയപ്പെടുത്തി. അടുത്ത ക്രിസ്മസ് താന്‍ കാണില്ലെന്ന് ഭയന്നിരുന്നുവെന്നും എന്നാലിപ്പോള്‍ കാന്‍സര്‍ വിമുക്തയായെന്നും പ്രഖ്യാപിച്ചത് അവര്‍ തന്നെ- ലോകംകണ്ട ഏറ്റവും മികച്ച ടെന്നീസ് താരങ്ങളിലൊരാള്‍- മാര്‍ട്ടിന നവരത്തിലോവ.

18 തവണ ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് ചാമ്പ്യനായിരുന്ന മാര്‍ട്ടിനയ്ക്ക് സ്തനാര്‍ബുദമുണ്ടെന്ന് തിരിച്ചറിഞ്ഞത് 2010ലായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാകട്ടെ തൊണ്ടയിലും അര്‍ബുദമുണ്ടെന്ന് തിരിച്ചറിഞ്ഞു. പ്രാരംഭഘട്ടത്തില്‍ തിരിച്ചറിഞ്ഞതുകൊണ്ട് താന്‍ മനസ്സിലാക്കിയേടത്തോളം കാന്‍സര്‍ വിമുക്തയായെന്നും അവര്‍ പറയുന്നു. പിയേഴ്‌സ് മോര്‍ഗന്റെ ടോക്ക് ഷോയിലാണ് മാര്‍ട്ടിന തന്റെ രോഗകാലത്തെ കുറിച്ച് വെളിപ്പെടുത്തിയത്. 

ടെക്സാസിലെ ഫോര്‍ട്ട് വര്‍ത്തില്‍ നവംബറില്‍ നടന്ന ഡബ്ല്യു ടി എ ഫൈനല്‍ മത്സരത്തിനിടെയാണ് മാര്‍ട്ടിനയുടെ കഴുത്തില്‍ മുഴ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ബയോപ്സിയില്‍ തൊണ്ടയിലെ കാന്‍സര്‍ ഒന്നാം ഘട്ടമാണെന്ന് തിരിച്ചറിഞ്ഞു. പരിശോധനയ്ക്കിടെ സ്തനത്തിലും മുഴ കണ്ടെത്തി. എന്നാല്‍ രണ്ട് കാന്‍സറുകള്‍ക്കും തമ്മില്‍ ബന്ധമില്ലായിരുന്നു. 

താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളുടേയും പട്ടിക മനസ്സിലേക്കെത്തിയെന്നും ഒരു വര്‍ഷം കൂടി ജീവിച്ചാല്‍ എന്തൊക്കെ ചെയ്യണമെന്നും ആലോചിക്കുകയും ചെയ്തതായും അവര്‍ പറഞ്ഞു. 

2021 ഡിസംബറില്‍ അണ്ഡാശയ അര്‍ബുദം കണ്ടെത്തിയ  സുഹൃത്തും മുന്‍ എതിരാളിയുമായ ക്രിസ് എവര്‍ട്ട് തന്റെ ചികിത്സയ്ക്ക് വളരെയധികം പിന്തുണച്ചതായി നവരതിലോവ പറഞ്ഞു. 1970കളിലും 80കളിലും വനിതാ ടെന്നീസില്‍ ആധിപത്യം പുലര്‍ത്തിയ ജോഡി ഒരേ ന്യൂയോര്‍ക്ക് ക്ലിനിക്കിലാണ് കാന്‍സര്‍ ചികിത്സ തേടിയത്. തങ്ങളുടെ കരിയര്‍ എല്ലായ്‌പ്പോഴും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും തുടര്‍ന്ന് പരസ്പരം ഇത്തരത്തിലും ബന്ധമുണ്ടായതായും മാര്‍ട്ടിന പറഞ്ഞു.

Other News