വിര്‍ജീനിയ ബീച്ച് സിറ്റിയിലെ  മുനിസിപ്പല്‍ ഓഫീസില്‍ തോക്കുധാരി 12 പേരെ വെടിവച്ചു കൊന്നു


JUNE 1, 2019, 11:11 PM IST

വിര്‍ജീനിയ സിറ്റി: അമേരിക്കയ്ക്ക് കൂട്ടക്കൊലയുടെ നടുക്കം വീണ്ടും പകര്‍ന്നു കൊണ്ട് വിര്‍ജീനിയ ബീച്ച് സിറ്റിയിലെ മുനിസിപ്പല്‍ ഓഫീസില്‍ തോക്കുധാരി 12 പേരെ വെടിവച്ചു കൊന്നു. 11 മുനിസിപ്പല്‍ ജീവനക്കാരനും ഒരു കോണ്‍ട്രാക്ടറുമാണ് കൊല്ലപ്പെട്ടത്. മുനിസിപ്പല്‍ കെട്ടിട സമുച്ചയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. അക്രമി പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഒരു പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ കുറഞ്ഞത് നാലു പേര്‍ക്ക് പരിക്കേറ്റു.

സിറ്റിയുടെ പബ്ലിക് യൂട്ടിലിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ 15 വര്‍ഷമായി എന്‍ജിനിയറായി സേവനമനുഷ്ഠിച്ചിരുന്ന ദെവെയ്ന്‍ ക്രാഡോക് എന്ന നാല്‍പതുകാരനാണ് കൂട്ടക്കൊല നടത്തിയത്. മിലിട്ടറിയിലും സേവനം ചെയ്തിട്ടുള്ള ക്രാഡോക് ശാന്തനും അപൂര്‍വമായി മാത്രം ചിരിക്കുന്ന വ്യക്തിയുമാണെന്ന് അയല്‍വാസികള്‍ പറഞ്ഞു. ജോലിയില്‍ നിന്ന് ഇയാളെ പിരിച്ചുവിട്ടിരുന്നുവെന്നും, അതല്ല പിരിച്ചുവിടാന്‍ പോവുകയായിരുന്നുവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുനിസിപ്പല്‍ കെട്ടിടത്തില്‍ പ്രവേശിക്കുവാന്‍ സുരക്ഷാ പാസ് ആവശ്യമുള്ള ജീവനക്കാരനായിരുന്നു ക്രാഡോക് എന്ന് സിറ്റി മാനേജര്‍ ഹാന്‍സന്‍ പറഞ്ഞു.  

മുനിസിപ്പല്‍ സമുച്ചയത്തില്‍ തോക്കുമായി എത്തിയ ക്രാഡോക് ഒരാള്‍ കാറില്‍ കയറാന്‍ തുടങ്ങിയപ്പോഴാണ് വെടിവച്ചിട്ടത്. മറ്റ് 11 മൃതദേഹങ്ങള്‍ കെട്ടിടത്തിന്റെ മൂന്നു നിലകളിലായാണ് കാണപ്പെട്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുമായുള്ള ഏറ്റമുട്ടലിലാണ് ക്രാഡോക് കൊല്ലപ്പെട്ടു. 2019 ല്‍ അമേരിക്കയില്‍ ഉണ്ടായ നൂറ്റിയമ്പതാമത്തെ കൂട്ടക്കൊലയാണിതെന്നും, ഈ വര്‍ഷമുണ്ടായ ഏറ്റവും വിനാശകരമായ കൂട്ടക്കൊലയാണിതെന്നും ഗണ്‍ വയലന്‍സ് ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് റിപ്പോര്‍ട്ട് ചെയ്തു. 


Other News