ഫ്‌ളോറിഡയില്‍ ബാങ്ക് കവര്‍ച്ചയ്ക്ക് എത്തിയവര്‍ തട്ടിക്കൊണ്ടു പോയ മലയാളിയുടെ മൃതദേഹം കണ്ടെത്തി


AUGUST 7, 2019, 5:02 AM IST

വാല്‍റിക്കോ (ടാമ്പ, ഫ്‌ളോറിഡ): ബാങ്ക് കവര്‍ച്ചയ്ക്ക് എത്തിയവര്‍ തട്ടിക്കൊണ്ടു പോയ മലയാളിയുടെ മൃതദേഹം മണിക്കൂറുകള്‍ക്കു ശേഷം കണ്ടെത്തി. കോട്ടയം പേരൂര്‍ സ്വദേശിയും ദീര്‍ഘകാലമായി ടാമ്പയില്‍ താമസക്കാരനുമായ മാത്യു കൊരട്ടിയാണ് (67) ബാങ്ക് കവര്‍ച്ചക്കാരുടെ തോക്കിനിരയായത്. വാല്‍റിക്കോ റോഡില്‍ ഹൈവേ 60 ന്റെ ഓരത്തുള്ള പബ്ലിക് പ്ലാസയില്‍ സ്ഥിതി ചെയ്യുന്ന സെന്റര്‍ സ്റ്റേറ്റ് ബാങ്കില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. 

ബാങ്ക് കവര്‍ച്ച നടത്തിയ ശേഷം പുറത്തിറയങ്ങവര്‍ പുറത്ത് പാര്‍ക്കിംഗ് ലോട്ടില്‍ ബാങ്കിലേക്ക് കാറില്‍ വന്ന മാത്യുവിനെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോവുകയായിരുന്നു. മോഷണത്തിനു വന്നത് രണ്ടംഗ സംഘമായിരുന്നുവെന്നും ഒരാള്‍ പണമുമായി ആദ്യം പുറത്തു വന്നുവെന്നും രണ്ടാമന്‍ പുറത്തു വന്നപ്പോള്‍ ഒന്നാമന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് പോയിരുന്നതു കൊണ്ട് മാത്യുവിന്റെ കാര്‍ രണ്ടാമന്‍ പ്രയോജനപ്പെടുത്തുകയായിരുന്നുവെന്നും പറയപ്പെടുന്നു. ഒന്നര മണിക്കൂറിനു ശേഷം മാത്യുവിന്റെ കാര്‍ പോലീസ് കണ്ടെത്തി തടഞ്ഞുവെങ്കിലും വണ്ടി ഓടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ ഓടി പോലീസ് ഇയാളെ പിടികൂടി. മാത്യുവിനെ കാറില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. 

വൈകുന്നേരം നാലു മണിയോടെ വാഷിംഗ്ടണ്‍ റോഡിലുള്ള സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററിനു സമീപം മാത്യൂവിന്റെ മതദേഹം കണ്ടെത്തി. മാത്യുവിന്റെ കാറില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്ത ജയിംസ് ഹാന്‍സണ്‍ (39) 15 വര്‍ഷത്തെ തടവിനു ശേഷം അടുത്തയിടെയാണ് പുറത്തിറങ്ങിയതെന്ന് പോലീസ് പറഞ്ഞു. മാരകായുധം ഉപയോഗിച്ചുള്ള കവര്‍ച്ചയ്ക്കാണ് ശിക്ഷ അനുഭവിച്ചിരുന്നത്. 

ബിസിനസ് രംഗത്തു പ്രവര്‍ത്തിച്ചിരുന്ന മാത്യു വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ഭാര്യ ലില്ലിക്കുട്ടി തെക്കനാട്ട് കുടുംബാംഗമാണ്. മക്കള്‍: മെല്‍വിന്‍, മെല്‍സണ്‍, മഞ്ജു. മരുമക്കള്‍: മരിറ്റ വടക്കന്‍, ജെനി പഴയമ്പള്ളില്‍. സഹോദരങ്ങള്‍: ജോസ് (ഷിക്കാഗോ), ലീലാമ്മ അലക്‌സ് കണ്ടാരപ്പള്ളില്‍, ഡൊമനിക്, ലൂസി ടോമി മ്യാല്‍ക്കരപ്പുറത്ത്, മാര്‍ട്ടിന്‍, ലവ്‌ലി അനില്‍ കാരത്തുരുത്തേല്‍ (എല്ലാവരും ടാമ്പ). പൊതുദര്‍ശനം  ഓഗസ്റ്റ് ഒമ്പത് വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ  കാത്തലിക് കമ്യൂണിറ്റി സെന്ററില്‍. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ പത്തരയ്ക്ക് നേറ്റിവിറ്റി കാത്തലിക് ചര്‍ച്ചില്‍. തുടര്‍ന്ന് സംസ്‌കാരം ഹില്‍സ്‌ബൊറോ മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോമില്‍. 


Other News