എംബാം ചെയ്യാനാവില്ല; കൊല്ലപ്പെട്ട മെറിന്റെ മൃതദേഹം അമേരിക്കയില്‍ തന്നെ സംസ്‌കരിക്കും


AUGUST 1, 2020, 7:33 PM IST

ഫ്‌ളോറിഡ: അമേരിക്കയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ നഴ്‌സ് മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല. മൃതദേഹം എംബാം ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അമേരിക്കയില്‍ തന്നെ സംസ്‌കരിക്കാനാണ് നീക്കം. അടുത്ത ശനിയാഴ്ചയായിരിക്കും സംസ്‌കാരം. മൃതദേഹം നാട്ടിലെത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

മെറിന്റെ ശരീരത്തില്‍ 17 കുത്തുകളേറ്റിട്ടുണ്ട്. അതിനാല്‍ മൃതദേഹം എംബാം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ അമേരിക്കയിലുള്ള മെറിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചു. തുടര്‍ന്നാണ് മൃതദേഹം അമേരിക്കയില്‍ തന്നെ സംസ്‌കരിക്കാന്‍ തീരുമാനിച്ചത്. 

സൗത്ത് ഫ്‌ളോറിഡയില്‍ ബ്രൊവാര്‍ഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്സ് ആശുപത്രിയില്‍ നഴ്സായിരുന്ന മെറിന്‍ ജോയി ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണു കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞിറങ്ങിയ മെറിനെ ഭര്‍ത്താവ് ഫിലിപ്പ് മാത്യു കുത്തിവീഴ്ത്തിയ ശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. മെറിനെ പൊലീസ് ഉടന്‍ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഫിലിപ്പിനെ പിന്നീട് സ്വയം കുത്തിമുറിവേല്‍പ്പിച്ച നിലയില്‍ ഹോട്ടല്‍ മുറിയില്‍നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഫിലിപ്പിനെതിരെ പൊലീസ് ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം ചുമത്തി. കരുതിക്കൂട്ടിയുള്ള കൊലയാണെന്ന് തെളിഞ്ഞാല്‍ 30 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കും.

Other News