ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി സാമ്പത്തിക നേട്ടമല്ല; ദേശീയ സുരക്ഷകള്‍ ഭീഷണിയിലാക്കുമെന്ന് അമേരിക്ക


MARCH 29, 2019, 10:47 PM IST

വാഷിംഗ്ടണ്‍ ഡി സി: ചൈന ആഗോള തലത്തില്‍ വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ - കണക്റ്റിവിറ്റി പദ്ധതികള്‍ സാമ്പത്തിക നേട്ടത്തേക്കാള്‍ ആതിഥേയ രാജ്യങ്ങളുടെ ദേശസുരക്ഷ ഭീഷണിയാലാക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. അനേക ബില്യണ്‍ ഡോളറിന്റെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് അല്ലെങ്കില്‍ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബി.ആര്‍.ഐ) ഏഷ്യ. ആഫ്രിക്ക, ചൈന, യൂറോപ്പ് എന്നീ രാജ്യങ്ങള്‍ തമ്മില്‍ കണക്റ്റിവിറ്റിയും സഹകരണവും വര്‍ധിപ്പിക്കുന്നതിനു വഴിയൊരുക്കുമെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാല്‍, വാസ്തവം ഇതൊന്നുമല്ലെന്ന് നാഷണല്‍ റിവ്യു ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ നടത്തിയ പ്രഭാഷണത്തില്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ പറഞ്ഞു.രണ്ടാമത് ബെല്‍റ്റ് ആന്‍ഡ് റോഡ് ഫോറം ഈ മാസം നടത്താന്‍ ചൈന ഒരുക്കം നടത്തുന്നതിനിടെയാണ് അമേരിക്കയുടെ വിമര്‍ശനം ഉണ്ടായിരിക്കുന്നത്. 

അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും ചൈന സുരക്ഷാ ഭീഷണിയാവുകയാണ്. നാവിക ഗതാഗത സ്വാതന്ത്ര്യത്തിനു വേണ്ടിയല്ല അവര്‍ ദക്ഷിണ ചൈന കടലില്‍ ആധിപത്യമുറപ്പിക്കാന്‍ ശ്രമിക്കുന്നത്. ലോകത്തിന്റെ പല ഭാഗത്തും തുറമുഖങ്ങളും മറ്റും നിര്‍മിക്കുന്നത് നല്ല കപ്പല്‍ നിര്‍മാണക്കാരാകാന്‍ വേണ്ടിയുമല്ല. എല്ലാറ്റിനു പിന്നില്‍ ദേശീയ സുരക്ഷാ താല്‍പര്യങ്ങളുണ്ട്. നീതിപൂര്‍വകവും സുതാര്യവുമായ മത്സരത്തിന് അമേരിക്ക തയാറാണ്. പക്ഷേ, സര്‍ക്കാര്‍ സഹായത്തോടെ മാര്‍ക്കറ്റ് വിലയേക്കാള്‍ താഴ്ന്ന നിരക്കില്‍ ചൈന പല കാര്യങ്ങളും ചെയ്യുന്നു. അവരുടെ വായ്പകള്‍ രാജ്യങ്ങളെ കടക്കെണിയിലാക്കും. ശ്രീലങ്ക അത് അനുഭവിക്കുകയാണ്. മറ്റു രാജ്യങ്ങളും അത് പതിയനെ തിരിച്ചറിയുമെന്ന് പോംപിയോ ചൂണ്ടക്കാട്ടി.

പാക് അധിനിവേശ കാഷ്മീരിലൂടെ കടന്നു പോകുന്ന ചൈന - പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയെപ്പറ്റി ഇന്ത്യ കടുത്ത ആശങ്ക ഉയര്‍ത്തിയിരുന്നു. കടക്കെണിയെപ്പറ്റി അയല്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ലോകം ഈ ഭീഷണി മനസിലാക്കി വരികയാണെന്ന് പോംപിയോ പറഞ്ഞു. അമേരിക്കയും, ഇന്ത്യയും മറ്റു ചില രാജ്യങ്ങളും ആരോപിക്കുന്നതു പോലെ ബി.ആര്‍.ഐ രാജ്യങ്ങളെ കടക്കെണിയിലാക്കില്ലെന്നും പ്രാദേശിക ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒന്നായി അത് മാറുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രതികരിച്ചു. ഇത്തവണ ബെല്‍റ്റ് ആന്‍ഡ് റോഡ് ഫോറത്തില്‍ കൂടുതല്‍ അന്തരാഷ്ട്ര പ്രതിനിധ്യം ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.


Other News