മോഡേണ വാക്‌സിന്‍ കോവിഡ് ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്റെ ശക്തി കുറക്കുന്നതായി കണ്ടെത്തല്‍


JANUARY 25, 2021, 9:19 PM IST

വാഷിംഗ്ടണ്‍: കോവിഡിന്റെ ബ്രിട്ടന്‍, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങള്‍ക്കെതിരെ മോഡേണ വാക്‌സിന്‍ ഫലപ്രദമെന്ന് കമ്പനി. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിനെതിരെയുള്ള പ്രതിരോധം കുറവായതിനാല്‍ പുതിയ രൂപത്തിലുള്ള വാക്‌സിന്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മോഡേണ അറിയിച്ചു. 

കോവിഡ് രോഗബാധ കുറക്കുന്നതിനുള്ള കഠിന ശ്രമത്തിലാണ് തങ്ങളെന്ന് മോഡേണയുടെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. താല്‍ സാക്‌സ് പറഞ്ഞു. രണ്ടു ഡോസ് വാക്‌സിന്‍ ലഭിച്ച എട്ടുപേരുടെ രക്തസാമ്പിളുകള്‍ ഉപയോഗിച്ച പഠനത്തില്‍ നിന്നുള്ള കണ്ടെത്തലുകള്‍ മോഡേണ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ രണ്ടു കുരങ്ങുകളിലും പ്രതിരോധ കുത്തിവെയ്പ് നടത്തി. ഇതിന്റെ ഫലങ്ങള്‍ ഇതുവരെ പ്രസിദ്ധീകരിക്കുകയോ സമഗ്രമായി അവലോകനം നിര്‍വഹിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ പ്രാഥമിക പഠനങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്ന ബയോആര്‍ക്‌സിവില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 

ആഗോളതലത്തില്‍ ഭീഷണിയാവുകയും വ്യത്യസ്ത രീതികളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന വൈറസിനെ നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കമ്പനി പ്രവര്‍ത്തനം നടത്തുന്നത്. 

ശാസ്ത്രജ്ഞരെ വിഷമിക്കുന്ന മാറ്റങ്ങള്‍ക്കൊപ്പം വൈറസിന്റെ നിരവധി വകഭേദങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഒരു വര്‍ഷം മുമ്പ് ചൈനയില്‍ തിരിച്ചറിഞ്ഞ വൈറസിനേക്കാള്‍ ഇരട്ടി പകര്‍ച്ചവ്യാധിയാണ് ബ്രിട്ടനില്‍ ആദ്യമായി കണ്ടെത്തിയ രൂപത്തിലുള്ളത്. ഇത് കൂടുതല്‍ മാരകമായേക്കുമെന്നാണ് ഗവേഷകര്‍ സംശയിക്കുന്നത്. 

ബ്രിട്ടനു പുറമേ ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും വ്യത്യസ്ത വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് വകഭേദം അമേരിക്കയിലെ 20 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ബ്രസീലിയന്‍, ദക്ഷിണാഫ്രിക്കന്‍ പതിപ്പുകള്‍ അമേരിക്കയില്‍ കണ്ടെത്തിയിട്ടില്ല. 

Other News