ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് വിപണിയിലേക്ക്; വില 2.15 മില്യണ്‍ ഡോളര്‍


MAY 26, 2019, 6:34 AM IST

വാഷിംഗ്ടണ്‍ ഡി സി: പിഞ്ചു കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന അത്യപൂര്‍വമായ പേശീ ശോഷണ രോഗം തടയുന്നതിനുള്ള മരുന്നിന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കി. ഒറ്റത്തവണ മാത്രം ചെയ്യുന്ന ഈ ജീന്‍ തെറാപ്പി ചികിത്സയുടെ ചെലവ് 2.125 മില്യണ്‍ ഡോളറാണ്. ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നായിരിക്കും ഇത്. നോവാര്‍ട്ടിസ് കമ്പനി പുറത്തിറക്കുന്ന ജീന്‍ തെറാപ്പിയുടെ പേര് സോല്‍ജെന്‍സ്മ എന്നാണ്. 

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന രോഗം ഭേദമാക്കുന്നതിനുള്ള മരുന്നാണിത്. ഈ രോഗബാധയുള്ളവര്‍ക്ക് ചികിത്സ കിട്ടാതിരുന്നാല്‍ രണ്ടു വയസിനു മുമ്പ് മരണമടയാനാണ് സാധ്യത. രോഗത്തിനു കാരണമായ ശരീരത്തിലെ ജീന്‍ ഭേദപ്പെടുത്തുന്നതിന് പുതിയ  ഡി.എന്‍.എ കടത്തിവിടുന്ന ചികിത്സാരീതിയാണിത്. സുനിശ്ചിതമായ 'വധശിക്ഷ' എന്നു പറയാവുന്ന രോഗബാധയില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗമാണിതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, സര്‍ക്കാരിനോ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കോ ഈ മരുന്നിന്റെ ചെലവ് താങ്ങാനാകുമോ എന്നത് വലിയ ചോദ്യചിഹ്നമാണ്. 850,000 ഡോളര്‍ വിലയുള്ള മറ്റൊരു ജീന്‍ തെറാപ്പി മരുന്നായ ലുകസ്ടുര്‍നയെയാണ് പുതിയ മരുന്ന് വിലയുടെ കാര്യത്തില്‍ പിന്തള്ളിയിരിക്കുന്നത്. അഞ്ചു വര്‍ഷം കൊണ്ട് ഇന്‍സ്റ്റാള്‍മെന്റ് അടിസ്ഥാനത്തില്‍ പണം നല്‍കിയാല്‍ മതിയെന്നും, ചികിത്സ ഫലവത്തായില്ലെങ്കില്‍ ഭാഗികമായ തോതില്‍ റീഫണ്ട് നല്‍കാമെന്നും നോവാര്‍ട്ടിസ് പറയുന്നു. 

അമേരിക്കയില്‍ പ്രതിവര്‍ഷം 400 മുതല്‍ 500 വരെ കുട്ടികള്‍ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗബാധിതരായി ജനിക്കുന്നുണ്ടെന്നാണ് കണക്ക്. രോഗബാധ ഏറ്റവും മൂര്‍ച്ഛിച്ച മുന്നൂറോളം പേര്‍ രണ്ടാം ജന്മദിനം പിന്നിടാറില്ല. 2016 ല്‍ ബയോജന്‍ എന്ന കമ്പനി പുറത്തിറക്കിയ സ്പിനാരസ എന്ന ജീന്‍ തെറാപ്പി മരുന്നാണ് ഈ രോഗത്തിന്റെ ചികിത്സയ്ക്ക് ആദ്യമായി എഫ്.ഡി.എ യുടെ അംഗീകാരം ലഭിച്ചത്. ആദ്യ വര്‍ഷത്തെ മരുന്നിന് 750,000 ഡോളറിനും പിന്നീട് ആയുഷ്‌കാലം ഓരോ വര്‍ഷവും 375,000 ഡോളറുമാണ് സ്പിനാരസ മരുന്നിനു വേണ്ടി വരിക. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ സോല്‍ജെന്‍സ്മ യുടെ വില കൂടുതലല്ലെന്ന് നോവാര്‍ട്ടിസ് കമ്പനി ചൂണ്ടിക്കാട്ടി. 

ക്ലിനിക്കല്‍ ട്രയലിന്റെ ഭാഗമായി സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗബാധിതരായ 12 കുഞ്ഞുങ്ങള്‍ക്ക് സോല്‍ജെന്‍സ്മ ജീന്‍ തെറാപ്പി നല്‍കിയിരുന്നു. ഇവരെല്ലാം രണ്ടാം ജന്മദിനം പിന്നിട്ടു. തല ഉയര്‍ത്തിപ്പിടിക്കാനും, വായിലൂടെ ഭക്ഷണം കഴിക്കാനും, പരസഹായമില്ലാതെ ഇരിക്കാനും ഈ കുഞ്ഞുങ്ങള്‍ക്ക് കഴിയുന്നു എന്നത് വലിയ നേട്ടമാണെന്ന് കമ്പനി ചൂണ്ടിക്കാട്ടി. 


Other News