പാതയോരത്ത് ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി കടന്നു കളഞ്ഞ അമ്മ പിടിയില്‍


AUGUST 6, 2019, 3:44 PM IST

ഫെയര്‍ഫീല്‍ഡ്: കാലിഫോര്‍ണിയ ഫെയര്‍ഫീല്‍ഡില്‍ വ്യാപാര സ്ഥാപനത്തിന്റെ സമീപം സ്ഥാപിച്ചിരുന്ന മാലിന്യക്കുമ്പാരത്തിന് പുറകില്‍ പാതയോരത്ത് ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി അപ്രത്യക്ഷയായ മാതാവ് പിടിയില്‍. ചൊവ്വാഴ്ചയായിരുന്നു സംഭവം.

ഗര്‍ഭിണിയായ യുവതി സംശയാസ്പദമായ രീതിയില്‍ പ്രദേശത്ത് ചുറ്റികറങ്ങുന്നതായി വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി പരശോധിച്ചപ്പോള്‍ പാതയോരത്ത് രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ കിടക്കുന്നത് ശ്രദ്ധയില്‍പെട്ടു. ഉടനെ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഒരു കുഞ്ഞു മരിച്ചിരുന്നു. മറ്റേ കുഞ്ഞിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ച് ആവശ്യമായ ചികിത്സ നല്‍കിയതിനാല്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ അധികം ദൂരത്തല്ലാതെ കുട്ടികള്‍ക്ക് ജന്മം നല്‍കിയ മാതാവിനെ പൊലീസ് പിടികൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാഴ്ചയായി ഇവര്‍ ഈ പരിസരത്ത് ചുറ്റികറങ്ങുന്നത് കണ്ടിരുന്നതായി സമീപത്തുള്ള വ്യാപാര കേന്ദ്രത്തിലുള്ളവര്‍ പറയുന്നു. ഇവര്‍ ഭവന രഹിതയാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. മാതാവിന്റെ വിശദാംശങ്ങളോ മറ്റു വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.പി പി ചെറിയാന്‍

Other News