തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ ട്രംപിനെ കുറ്റമുക്തനാക്കിയിട്ടില്ല:അന്വേഷണ കമ്മീഷൻ 


JULY 26, 2019, 3:05 AM IST

വാഷിംഗ്‌ടൺ :ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് അന്വേഷിക്കുന്ന മുള്ളർ കമ്മീഷന്‍ തന്നെ കുറ്റവിമുക്തനാക്കിയെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ അവകാശ വാദം തള്ളി കേസന്വേഷിച്ച സ്പെഷ്യല്‍ അറ്റോണി റോബര്‍ട്ട് മുള്ളര്‍. അമേരിക്കന്‍ കോണ്‍ഗ്രസിലെ വ്യത്യസ്‌ത കമ്മിറ്റികള്‍ക്ക് മുമ്പില്‍ ഹാജരായ റോബര്‍ട്ട് മുള്ളര്‍ ആദ്യമായാണ് തന്‍റെ അന്വേഷണത്തിലെ വിശദാംശങ്ങളെ പറ്റി പരസ്യമായി പ്രതികരിക്കുന്നത്.

ഒരു വര്‍ഷവും പത്ത് മാസവുമെടുത്താണ് 2016ലെ  പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണം മുള്ളർ പൂര്‍ത്തിയാക്കിയത്. റിപ്പോര്‍ട്ട് അറ്റോണി ജനറലിന് കൈമാറിയെങ്കിലും ഇതുവരെയും റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തു വന്നിരുന്നില്ല.

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിർ  പുടിനുമായുള്ള ഡോണള്‍ഡ് ട്രംപിന്‍റെ വ്യക്തിബന്ധവും റഷ്യന്‍ ഹാക്കര്‍മാര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെട്ടുവെന്നതും അന്വേഷിച്ച കമ്മീഷൻ പക്ഷേ റിപ്പോര്‍ട്ടില്‍ ആര്‍ക്കെതിരെയും കുറ്റം ചുമത്തിയിരുന്നില്ല. എന്നാല്‍, തന്നെ മുള്ളർ  കുറ്റവിമുക്തനാക്കിയെന്ന് ട്രംപ് പല വേദികളിലും പ്രസംഗിച്ചു.ട്രംപിനെ താന്‍ റിപ്പോര്‍ട്ടില്‍ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നാണ് ഇപ്പോൾ  മുള്ളർ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ രണ്ടു സമിതികൾക്ക് മുന്നില്‍ മൊഴിനല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് മുള്ളർ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്‍റെ സംക്ഷിപ്‌തരൂപം പ്രസിദ്ധീകരിച്ചെങ്കിലും ട്രംപോ അദ്ദേഹത്തിന്‍റെ ഓഫീസോ റഷ്യയുമായി ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടതിന്‍റെ വ്യക്തമായ തെളിവുണ്ടായിരുന്നില്ല. എന്നാല്‍, റിപ്പോര്‍ട്ട് വിഷയത്തില്‍ ട്രംപിനെ കുറ്റവിമുക്തനാക്കിയിരുന്നുമില്ല. ട്രംപി‍ന്റെ പ്രചാരണ കമ്മിറ്റിയും റഷ്യയുമായുള്ള ബന്ധത്തിന്‍റെ തെളിവുകള്‍ റിപ്പോര്‍ട്ട് നിരത്തുന്നു. 2020 അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും റഷ്യന്‍ ഇടപെടലുണ്ടാവുമെന്ന് മുള്ളർ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

Other News