ന്യൂയോര്‍ക്ക്: അറസ്റ്റ് ചെയ്യപ്പെട്ടാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ട്രംപിന് ചരിത്ര വിജയമെന്ന് എലോണ്‍ മസ്‌ക്. തന്നെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുമെന്ന വിവരം ചോര്‍ന്നു കിട്ടിയെന്ന പ്രഖ്യാപനം നടത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു മസ്‌ക്.
തന്നെ ജയിലിലടയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തിരുന്നു. നമ്മുടെ രാജ്യത്തെ തിരിച്ചു പിടിക്കണമെന്നും ട്രംപ് കുറിച്ചു.
മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് തന്നെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതെന്ന് ട്രംപ് വ്യക്തമാക്കി. തനിക്കെതിരെ ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലെന്നും രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു. മാത്രമല്ല അതിനെതിരെ പ്രതികരിക്കണമെന്ന ആഹ്വാനവും അദ്ദേഹം നല്‍കിയിരുന്നു.