മുസ്ലീം ലീഗ് മതേതര പാര്‍ട്ടി; സംശയിക്കുന്നത് പാര്‍ട്ടിയെക്കുറിച്ച് പഠിക്കാത്തവര്‍- രാഹുല്‍ ഗാന്ധി


JUNE 2, 2023, 9:22 AM IST

വാഷിംഗ്ടണ്‍ ഡിസി : മുസ്ലീം ലീഗ് തികച്ചും മതേതര പാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധി. കേരളത്തില്‍ മുസ്ലീം ലീഗുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് രാഹുലിന്റെ മറുപടി. വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

'മുസ്ലീം ലീഗ് തികച്ചും ഒരു മതേതര പാര്‍ട്ടിയാണ്. മുസ്ലീം ലീഗില്‍ മതേതരമല്ലാത്തതായി ഒന്നുമില്ല. ചോദ്യം അയച്ചയാള്‍ മുസ്ലീം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് ഞാന്‍ കരുതുന്നു' എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. 'പ്രതിപക്ഷം ഒറ്റക്കെട്ടാണ്. കോണ്‍ഗ്രസ് എല്ലാ പ്രതിപക്ഷ പാര്‍ട്ടിയുമായി പതിവായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. പ്രതിപക്ഷത്തോടൊപ്പം ഞങ്ങളും മത്സരിക്കുന്ന ഇടങ്ങളുണ്ട്. അതുകൊണ്ട് തെന്ന ചില വിട്ടുവീഴ്ചകള്‍ ആവശ്യമാണ്. ഇത് സങ്കീര്‍ണ്ണമായ ചര്‍ച്ചയാണ്. എന്നിരുന്നാലും കേന്ദ്രത്തില്‍ ബിജെപിക്കെതിരായ ഒരു മഹാ പ്രതിപക്ഷ സഖ്യം രൂപപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്'..രാഹുല്‍ പറഞ്ഞു.

അതേസമയം രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

മുസ്ലീം ലീഗിനെ മതേതര പാര്‍ട്ടി എന്ന് വിളിച്ചത് വയനാട്ടില്‍ സ്വീകാര്യത നിലനിര്‍ത്താനുള്ള രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധം കൊണ്ടാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. 'ജിന്നയുടെ മുസ്ലീം ലീഗ്. ഇന്ത്യാ വിഭജനത്തിന് ഉത്തരവാദികളായ പാര്‍ട്ടി, രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തില്‍, ഒരു ' മതേതര പാര്‍ട്ടിയാണ്. വയനാട്ടില്‍ സ്വീകാര്യനായി തുടരേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമാണ്' എന്ന് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

Other News