ഒമിക്രോണ്‍ ആശങ്ക: നിലവില്‍ ലോക്ക് ഡൗണിന്റെ ആവശ്യമില്ലെന്ന് ബൈഡന്‍


DECEMBER 1, 2021, 7:38 AM IST

വാഷിംഗ്ടണ്‍ : ലോകം മുഴുവന്‍ ആശങ്ക പരത്തുന്ന കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപകമായി പര്‍ന്നേക്കുമെന്ന ഭയം നിലനില്‍ക്കെ, ജനങ്ങള്‍ വാക്‌സിന്‍ എടുക്കുകയും കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യുകയാമെങ്കില്‍ നിലവില്‍ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍.

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അയല്‍രാജ്യമായ കാനഡയില്‍ മൂന്നു പേരില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി കൂടിയാലോചനകള്‍ നടത്തിവരുന്നുണ്ടെന്നും ബൈഡന്‍ അറിയിച്ചു. ഒമിക്രോണിന്റെ വ്യാപനത്തെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ രണ്ടാഴ്ച നിര്‍ണ്ണായകമാണ്.

അതേ സമയം ഒമിക്രോണ്‍ വകഭേദം യുഎസില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും രാജ്യത്ത് ഇതിനോടകം തന്നെ വൈറസ് ഉണ്ടാകാമെന്ന് യു.എസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗചി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അമേരിക്ക നല്‍കുന്ന കോവിഡ് വാക്‌സിനുകള്‍ ഏതു കോവിഡ് വകഭേദത്തേയും ഒരു പരിധിവരെ തടയാനാകുന്നവയാണെന്ന് ഫൗചി വ്യക്തമാക്കി. ബൂസ്റ്റര്‍ ഡോസുകള്‍ എടുത്തവരില്‍ സുരക്ഷ കുറച്ചുകൂടി ഫലപ്രദമാണെന്നും ആറു മാസം മുന്‍പ് വാക്‌സിനെടുത്ത എല്ലാ മുതിര്‍ന്നവരും ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും ഫൗചി കൂട്ടിച്ചേര്‍ത്തു.

ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയുള്‍പ്പെടെയുള്ള 7 രാജ്യങ്ങള്‍ക്കും യു.എസ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. അതേ സമയം ഒമിക്രോണുമായി ബന്ധപ്പെട്ട് മരണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. ഒമിക്രോണ്‍ ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളേക്കാള്‍ ഗുരുതരമാണോയെന്ന വിഷയത്തിലും വാക്‌സിനുകളുടെ ഫലപ്രാപ്തി സംബന്ധിച്ചും കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്.

Other News