ഗള്‍ഫ് ഓഫ് ഒമാനില്‍ നാല് ഓയില്‍ ടാങ്കറുകള്‍ക്ക് സ്‌ഫോടനത്തില്‍ നാശം; ഇറാനാണ് പിന്നിലെന്ന് അമേരിക്ക


MAY 15, 2019, 12:08 AM IST

വാഷിംഗ്ടണ്‍ ഡി സി: ഗള്‍ഫ് ഓഫ് ഒമാനില്‍, യു.എ.ഇ യുടെ ജലാതിര്‍ത്തിയില്‍ വച്ച് നാല് എണ്ണ ടാങ്കറുകള്‍ക്ക് സ്‌ഫോടനത്തില്‍ നാശമുണ്ടായത് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കുന്നതിനു കാരണമായി. ഇറാനോ അവരെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളോ ആണ് സ്‌ഫോടനത്തിനു പിന്നിലെന്ന് അമേരിക്കന്‍ അന്വേഷകര്‍ കുറ്റപ്പെടുത്തി. സ്‌ഫോടനത്തെ തുടര്‍ന്ന് എല്ലാ ടാങ്കറുകളിലും വലിയ ദ്വാരങ്ങള്‍ ഉണ്ടായതായി സംഭവത്തെപ്പറ്റി അന്വേഷിച്ച മിലിട്ടറി വിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്തു. 

സംഭവത്തിനു പിന്നില്‍ ഇറാനാണെന്ന് തെളിവുകളൊന്നുമില്ല. നാശനഷ്ടം വന്ന രാജ്യങ്ങള്‍ ഇതുവരെ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. ആഗോള എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നു പോകുന്ന ഹോര്‍മുസ് കടലിടുക്കിന് സമീപത്തു വച്ച് സ്‌ഫോടനം ഉണ്ടായതു കൊണ്ടും, ഇറാന്‍ ഇവിടെ അതിര്‍ത്തി പങ്കിടുന്നതു കൊണ്ടും വിരലുകള്‍ അവര്‍ക്കു നേരെയാണ് ഉയരുന്നത്. ഈ ജലപാത ഉപയോഗിക്കുന്നതിനു തങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ ജലപാത അടച്ചിടുമെന്ന് ഇറാന്‍ കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഗള്‍ഫിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതിനു പുറമേ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു നല്‍കിയിരുന്ന ഇളവ് പിന്‍വലിക്കുകയും ചെയ്തിരുന്നു. 

ഫജൈറ തുറമുഖത്തിനു സമീപം വച്ചാണ് ടാങ്കറുകള്‍ സ്‌ഫോടന്തതിന് ഇരയായതെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. തങ്ങളുടെ രണ്ടു ടാങ്കറുകള്‍ക്ക് കാര്യമായ നാശം സഭവിച്ചതായി സൗദി അറിയിച്ചു. ഇതിലൊന്ന് അമേരിക്കയിലേക്ക് സഞ്ചരിക്കുന്നതായിരുന്നു. നോര്‍വേ യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു ടാങ്കറിനും, യു.എ.ഇ പതാക വഹിച്ചിരുന്ന മറ്റൊരു ടാങ്കറിനുമാണ് സ്‌ഫോടനത്തില്‍ നാശം സംഭവിച്ചിട്ടുള്ളത്. 


Other News